befco-paravur
പറവൂർ പല്ലംതുരുത്ത് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റ്

പറവൂർ: നഗരത്തിലെ ജനവാസ കേന്ദ്രമായ പല്ലംതുരുത്ത് റോഡിൽ പ്രവർത്തിക്കുന്ന വിദേശമദ്യ വില്പനശാല മാറ്റിസ്ഥാപിക്കണമെന്ന ജനകീയ സമിതിയുടെ ആവശ്യം വിജയം കണ്ടു. സമരപരിപാടികൾക്കൊപ്പം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി സ്ഥാപിക്കാൻ എക്സൈസ് കമ്മീഷണർ ഉത്തരവിട്ടത്. മൂന്ന് മാസത്തിനുള്ളിൽ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കാൻ എക്സൈസ് കമ്മിഷണർ ബിവറേജസ് കോർപ്പറേഷനോട് ഉത്തരവിട്ടു. നഗരസഭാ അഞ്ചാം വാർഡ് കൗൺസിലറും ജനകീയ സമിതി ജനറൽ കൺവീനറുമായ രഞ്ജിത്ത് മോഹൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് നടപടി.

കഴിഞ്ഞ ജൂൺ 17ന് ജനകീയ സമരസമിതിക്ക് പ്രതീക്ഷ നൽകുന്ന നിർദ്ദേശങ്ങൾ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. സമരസമിതി ഭാരവാഹികൾ, പറവൂർ നഗരസഭ, ബിവറേജ് കോർപ്പറേഷൻ എന്നിവരുമായി ഹിയറിംഗ് നടത്തി വേണ്ട നടപടി സ്വീകരിക്കാൻ എക്സൈസ് കമ്മിഷണറോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നടത്തിയ ഹിയറിംഗിന് ശേഷം നൽകിയ റിപ്പോർട്ടിനെ അടിസ്ഥാനത്തിലാണ് എക്സൈസ് കമ്മിഷണറുടെ ഉത്തരവ്.

ഗതാഗത തടസം, തർക്കം

നഗരസഭ ആറാം വാർഡിലെ തിരക്കേറിയ പല്ലംതുരുത്ത് റോഡിലാണ് ഔട്ട്ലെറ്റ്. ചെറിയ പല്ലംതുരുത്ത്, വലിയ പല്ലംതുരുത്ത്, തൂയിത്തറ നിവാസികൾ നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. നിരവധി ഡോക്ടർമാരുടെ ക്ളിനിക്കും മെഡിക്കൽ ലാബുകളും റോഡിന് ഇരുവശവും പ്രവർത്തിക്കുന്നു. റോഡിൽ മിക്കപ്പോഴും ഗതാഗത തടസപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ തർക്കങ്ങൾ പതിവായിരുന്നു.

ഔട്ട്ലെറ്റിനെതിരെ ജനങ്ങൾ

പറവൂർ സ്വകാര്യ ബസ് സ്റ്രാൻഡിന് സമീപത്ത് പ്രവർത്തിച്ചിരുന്ന ഔട്ട്ലെറ്റ് 2017ലാണ് പല്ലംതുരുത്ത് റോഡുള്ള ബിൽഡിംഗിലേക്ക് മാറ്റിയത്. ജനവാസകേന്ദ്രത്തിൽ ഔട്ട്ലെറ്റ് ആരംഭിച്ചതോടെ അന്നുമുതൽ സമീപവാസികൾ പരാതിയും സമരവുമായി രംഗത്തുണ്ട്. 2021 സെപ്‌തംബറിൽ ഔട്ട്ലൈറ്റ് ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മൂന്ന് റെസിഡന്റ്സ് അസോസിയേഷനുകൾ മുഖ്യമന്ത്രിക്കടക്കം പരാതി നൽകി. 2024 ജനുവരിയിൽ ജനപ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ എന്നീവരുടെ നേതൃത്വത്തിൽ ജനകീയ അവകാശ സംരക്ഷണ സമിതി രൂപീകരിച്ചു. 2024 മാർച്ച് 12ന് നടന്ന പറവൂർ നഗരസഭാ കൗൺസിൽ യോഗം ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന് ഏകകണ്ഠമായി പ്രമേയം പാസാക്കി സർക്കാരിലേക്ക് അയച്ചു.

പല്ലംതുരുത്ത് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റുന്നത് പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസമാണ്. ജനങ്ങളുടെ കൂട്ടായ്മയാണ് സമര, നിയമപോരാട്ടങ്ങളുടെ വിജയത്തിന് കരുത്ത് നൽകിയത്.

രഞ്ജിത്ത് മോഹൻ,

വാർഡ് കൗൺസിലർ