മൂവാറ്റുപുഴ: നഗര വികസനവുമായി ബന്ധപ്പെട്ട് സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി മാത്യു കുഴൽനാടൻ എം.എൽ.എയുടെ നിർദ്ദേശപ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സർക്കാർ വക സ്ഥലങ്ങളിൽ കൈയേറ്റങ്ങൾ നടക്കുന്നുവെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് ജില്ലാ വികസന സമിതിയിൽ ഈ വിഷയം എം.എൽ.എ ഉന്നയിക്കുകയും സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ കൈയേറ്റങ്ങൾ കണ്ടെത്തി അവ ഒഴിവാക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ജില്ലാ കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കൈയേങ്ങൾ കണ്ടെത്തുന്നതിനായി പ്രത്യേക സർവേയറെ കളക്ടർ നിയോഗിച്ചു. നഗര വികസന പദ്ധതികൾക്ക് വേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമികൾ പൊതുജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കണമെന്നും സ്വകാര്യ ലാഭത്തിനായി അത് കൈയേറുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ലെന്നും എം.എൽ.എ പറഞ്ഞു.