കൊച്ചി: ഗവേഷണക്കപ്പലുകളും മത്സ്യബന്ധനബോട്ടുകളും അറ്റകുറ്റപ്പണി ചെയ്യാനും ഡോക്കിംഗിനും സാധിക്കുന്ന സ്ളിപ്‌വേ ക്രാഡിൽ എറണാകുളം സിഫ്നെറ്റിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ കമ്മീഷൻ ചെയ്തു. 250 ടൺ ശേഷിയുള്ളതാണ് പുതിയ സംവിധാനം. കൊച്ചി വാട്ടർമെട്രോ, ടൂറിസം യാനങ്ങൾ, ഉൾനാടൻ ജലഗതാഗത യാനങ്ങൾ, സ്വകാര്യ ആഴക്കടൽ ഓപ്പറേറ്റർമാർ എന്നിവർക്കും പ്രയോജനപ്പെടുത്താം.

ഫിഷറി സർവേ ഓഫ് ഇന്ത്യ (എഫ്.എസ്.ഐ) 1.78 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത്. സർക്കാർ ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കപ്പൽ ക്രാഡിൽ സംവിധാനമാണിത്. ഒരേസമയം ആറ് യാനങ്ങൾവരെ വിവിധ ബർത്തുകളിലായി അറ്റകുറ്റപ്പണികൾക്കായി കരയ്ക്ക് കയറ്റാൻ ഇതിലൂടെ സാധിക്കും.

പരമ്പരാഗത മത്സ്യബന്ധന ബോട്ടുകൾക്ക് പുറമെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ), കേന്ദ്ര ഫിഷറീസ് സാങ്കേതികവിദ്യാസ്ഥാപനം (സി.ഐ.എഫ്.ടി), ഇന്ത്യൻ കോസ്റ്റ് ഗാർഡ്, കസ്റ്റംസ്, ലക്ഷദ്വീപ് ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ് എന്നിവയുടെ ഗവേഷണ, എൻഫോഴ്‌സ്‌മെന്റ് യാനങ്ങൾക്കും ഈ സൗകര്യം ഉപയോഗിക്കാം.

എഫ്.എസ്.ഐ ഡയറക്ടർ ജനറൽ ഡോ. കെ.ആർ. ശ്രീനാഥ്, സി.ഐ.എഫ്.ടി ഡയറക്ടർ ഡോ. ജോർജ് നൈനാൻ, കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ആശിഷ് മെഹ്രോത്ര, എഫ്.എസ്.ഐ സോണൽ ഡയറക്ടർ ഡോ. സിജോ പി. വർഗീസ്, എൻജിനി​യറിംഗ് വിഭാഗം ഡയറക്ടർ ധരംവീർ സിംഗ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ബ്ലൂ ഇക്കോണമി വികസനപാതയിൽ നാഴികക്കല്ലാണ് ഈ അത്യാധുനിക സൗകര്യം. മത്സ്യത്തൊഴിലാളികൾക്കും വിവിധ സർക്കാർ ഏജൻസികൾക്കും സമുദ്ര മേഖലയിലെ മറ്റ് പങ്കാളികൾക്കും ഗുണകരമാകും.

ജോർജ് കുര്യൻ

കേന്ദ്ര ഫിഷറീസ് സഹമന്ത്രി