
ആലുവ: പകലിരവു നീണ്ട സർഗ്ഗോത്സവം. അതായിരുന്നു കടുങ്ങല്ലൂർ പഞ്ചായത്ത് മുപ്പത്തടം16ാം വാർഡിലെ കുടുംബ സംഗമം. പ്രായഭേദമന്യേ വാർഡിലെ കുടുംബാംഗങ്ങൾ മതി മറന്നാഘോഷിച്ച ഒരു ദിനം. വീട്ടുവിശേഷങ്ങളും നാട്ടുവർത്തമാനങ്ങളും പരസ്പരം പങ്കുവച്ചും ആടിയും പാടിയും വാർഡ് കുടുംബാംഗങ്ങൾക്കത് ആഘോഷ വേദിയായി.
ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി പി. രാജീവ് തന്നെ നാട്ടുകാരോട് വിശേഷങ്ങൾ തിരക്കിയും ഒപ്പം നിന്ന് സെൽഫിയെടുത്തും ആഘോഷത്തിന്റെ മാറ്റു കൂട്ടി. അഞ്ചുവർഷം വാർഡിൽ നടന്ന വൈവിദ്ധ്യമാർന്ന മാതൃകകൾ എടുത്തുപറഞ്ഞുകൊണ്ട് മെമ്പർ കെ.എൻ. രാജീവിനെ മന്ത്രി അനുമോദിച്ചു. വാർഡിലെ വിവിധ പദ്ധതികൾക്കായി കെ.എൻ. രാജീവ് എടുക്കുന പരിശ്രമത്തെ കുറിച്ച് മന്ത്രി പറഞ്ഞ വാക്കുകൾ ജനങ്ങൾ കരഘോഷത്തോടെ ഏറ്റെടുത്തു.
മുഖച്ഛായ മാറിയ മുപ്പത്തടം എന്ന വികസന ആശയത്തിൽ ഏറെയും വാർഡിനെ സംബന്ധിച്ചതായിരുന്നു.
അങ്കണവാടി ടീച്ചർ സുഭമ, ആശാ പ്രവർത്തക മിനി ഗോപാലകൃഷ്ണൻ, ഫോട്ടോഗ്രാഫർ കൃഷ്ണകുമാർ, യോഗാചാര്യ സീമആന്റണി, ഗായകൻ രഞ്ജിത്ത്, കാസ്റ്റിംഗ് ഡയറക്ടർ വിവേക് അനിരുദ്ധ് തുടങ്ങിയവരെ ആദരിച്ചു. കെ.എൻ. രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം യേശുദാസ് പറപ്പള്ളി, എസ്. മധു തുടങ്ങിയവർ സംസാരിച്ചു.