പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്ത് നാലാം വാർഡിലെ പൊതുവഴിയായ മൂഴി റോഡ് കാടുകയറി സഞ്ചാരയോഗ്യമല്ലെന്ന കേരളകൗമുദിയിൽ ഇന്നലെ വന്ന വാർത്തയ്ക്ക് പിന്നാലെ വഴി വെട്ടിത്തെളിച്ച് കോടനാട് വികസന സമിതി. വികസന സമിതി അംഗങ്ങളായ റാഫേൽ ആറ്റുപുറം, സുനിൽ മോഹൻ, സിബി ആന്റണി, നന്ദകുമാർ തോപ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് മൂഴി റോഡിലെ കാട് വെട്ടിത്തെളിച്ചത്. 'മൂഴി പാലത്തിന് കേന്ദ്ര അനുമതി" എന്ന തലക്കെട്ടിൽ വന്ന വാർത്തയിലാണ് മൂഴി റോഡിലെ യാത്രാദുരിതത്തെക്കുറിച്ച് വിവരിച്ചിരുന്നത്. പൊതു വഴിയിൽ കാട് മൂടിയെന്നും നടക്കാൻ കഴിയില്ലെന്നും നാട്ടുകാർ പലതവണ പരാതി പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളകൗമുദിയുടെ റിപ്പോർട്ടിന് പിന്നാലെ കോടനാട് വികസന സമിതി അംഗങ്ങൾ മുന്നിട്ടിറങ്ങി കാട് വെട്ടിത്തെളിച്ച് വഴി സഞ്ചാരയോഗ്യമാക്കിയത്.
കോടനാടിനെയും ചേരാനല്ലൂരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന മൂഴി റോഡ് വഴിയാണ് തോട്ടുവ അമ്പലത്തിലേയ്ക്കും ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തിലേക്കും പോകേണ്ടത്. ചേരാനല്ലൂർ ഭാഗത്തുനിന്ന് മലയാറ്റൂർ സെന്റ് തോമസ് സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളും ഈ വഴിയാണ് ഉപയോഗിക്കുന്നത്.