തോപ്പുംപടി: തോപ്പുംപടിയിൽ വീണ്ടും സ്വകാര്യ ബസിന്റെ അമിത വേഗതയിൽ അപകടമുണ്ടായി. സ്കൂട്ടർ യാത്രക്കാരനും മകളും രക്ഷപ്പെട്ടത് താലനാരിഴയ്ക്കാണ്. ഇന്നലെ വൈകിട്ട് ആറരയോടെ തോപ്പുംപടി കൊച്ചുപള്ളി റോഡിലാണ് സംഭവം. തോപ്പുംപടിയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഷഹനയെന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ഇതേദിശയിൽ പോകുകയായിരുന്ന മട്ടാഞ്ചേരി സ്വദേശി ഷിഹാബ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ബസിന്റെ പിൻ ഭാഗം ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഷിഹാബിന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പൊലീസെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.

കഴിഞ്ഞ ദിവസമാണ് തോപ്പുംപടി ബി.ഒ.ടി പാലത്തിൽ സ്വകാര്യ ബസിന്റെ അമിതവേഗം ബൈക്ക് കാരന്റെ ജീവൻ കവർന്നത്. ബസുകളുടെ മരണപ്പാച്ചിലിനെതിരെ മോട്ടോർ വാഹന വകുപ്പും പൊലീസും നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.