കൊച്ചി: സംസ്ഥാനത്തിന്റെ കഴിഞ്ഞകാല പുരോഗതി വിലയിരുത്താനും വികസന ലക്ഷ്യങ്ങൾ നിശ്ചയിക്കാനുമായി സംഘടിപ്പിക്കുന്ന 'വിഷൻ 2031" പരമ്പരയിൽ ധനകാര്യ വകുപ്പ് നേതൃത്വം നൽകുന്ന സെമിനാർ 13ന് രാവിലെ 10ന് കൊച്ചി ഗോകുലം കൺവെൻഷൻ സെന്ററിൽ ആരംഭിക്കും.
കേരളത്തെ 2031ഓടെ പുരോഗമനപരവും വികസിതവുമായ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ 33 മേഖലകളിൽ സെമിനാർ സംഘടിപ്പിക്കുന്നത്.
ഒമ്പത് വർഷത്തിനിടെ ധനകാര്യ വകുപ്പും ലൈൻ വകുപ്പുകളും സ്ഥാപനങ്ങളും കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കും. വെല്ലുവിളികളും സാദ്ധ്യതകളും വിലയിരുത്തുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാവിലെ 10ന് 'ധനകാര്യ വകുപ്പ്: നേട്ടങ്ങളും ഭാവികാഴ്ചപ്പാടുകളും" സെമിനാറിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകും. 'കേരളം@2031: ഒരു പുതിയ ദർശനം" അവതരണവും അദ്ദേഹം നടത്തും.
11.45ന് മൂന്ന് പാനൽ ചർച്ചകൾ ആരംഭിക്കും. 3.30ന് സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകും.