കൊച്ചി: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അഴിമതി, സ്വർണാപഹരണ ആരോപണങ്ങൾ സി.ബി.ഐ അന്വേഷിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി ജനറൽ ബജ്‌രംഗ ലാൽ ബാഗ്റ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നലെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സർക്കാർ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളുടെ കൃത്യമായ കണക്ക് രേഖപ്പെടുത്തണം. ക്ഷേത്ര സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ ചുമതലയൊഴിയുമ്പോൾ ഹാൻഡ് ഓവർ, ടേക്കിംഗ് ഓവർ രേഖകൾ ഉണ്ടാവണം. ഇത്തരത്തിലുള്ള കഴിഞ്ഞ 20വർഷത്തെ രേഖകൾ സി.എ.ജി ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് വി.എച്ച്.പി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി ദേശവ്യാപക പ്രചാരണ, പ്രക്ഷോഭ പരിപാടികൾ നടത്തുന്നുണ്ട്. ക്ഷേത്ര സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ സ്വാശ്രയ സംവിധാനം വേണം. അതുവഴി സാമൂഹിക, ധാർമ്മിക സേവന പ്രവർത്തനങ്ങൾ നടത്തണമെന്നതാണ് വി.എച്ച്.പിയുടെ ആശയം. 11 സംസ്ഥാനങ്ങളിലെ 50,000ൽപ്പരം ക്ഷേത്രങ്ങൾ അതത് സർക്കാരുകളുടെ നിയന്ത്രണത്തിലാണെന്നും ബാഗ്റ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അനിൽ വിളയിലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.