
കോതമംഗലം: പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ അയിരൂർപ്പാടം, തോളേലി, ഉപ്പുകണ്ടം, തുടങ്ങിയ പ്രദേശവാസികളെ ബുദ്ധിമുട്ടിലാക്കി വൈദ്യുതി വിതരണം പതിവായി മുടങ്ങുന്നു. വോൾട്ടേജ് പ്രശ്‌നവും നേരിടുന്നുണ്ട്. ഗാർഹിക ഗുണഭോക്താക്കളും ചെറുകിട സംരംഭകരും ഇതുമൂലം വലയുകയാണ്. സമീപകാലത്ത് സംരംഭങ്ങൾ തുടങ്ങിയവർക്ക് വൈദ്യുതി കണക്ഷൻ നൽകാൻ പോലും കഴിയാത്ത അവസ്ഥയുണ്ട്. പ്രദേശത്തെ വൈദ്യുതി വിതരണ ശൃംഖല അടുത്തകാലത്ത് നവീകരിച്ചിരുന്നു. പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിച്ചിരുന്നു.
മേഖലയിലെ വൈദ്യുതി പ്രശ്‌നം പരിഹരിക്കാൻ കെ.എസ്.ഇ.ബി. നേരത്തെ ഇടപെടൽ നടത്തിയിരുന്നു. നവകേരള സദസിൽ ഗ്രാമ പഞ്ചായത്ത് അംഗം എസ്.എം. അലിയാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. ഇതിന്റെ ഭാഗമായി
പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും അനുയോജ്യമായ സ്ഥലം ലഭിക്കാതിരുന്നത് തിരിച്ചടിയായി.
അയിരൂർപ്പാടം പള്ളിക്കവലയിൽ നിലവിലുള്ള ട്രാൻസ്‌ഫോർമറിന്റെ ശേഷി വർദ്ധിപ്പിച്ചാൽ വൈദ്യുതി പ്രശ്‌നത്തിന് പരിഹാരം കാണാനാകും. ഇപ്പോൾ 160 കെ.വി. ട്രാൻസ്‌ഫോർമർ ആണുള്ളത്. ഇതിന് പകരം 250 കെ.വി.ട്രാൻസ്‌ഫോർമർ സ്ഥാപിച്ചാൽ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാനാകും.
അയിരൂർപ്പാടം മേഖലയിലെ വൈദ്യുതി പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ മന്ത്രി കെ.കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകിയിട്ടുണ്ട്. 250 കെ.വി. ട്രാൻസ്‌ഫോർമർ സ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതുവഴി വോൾട്ടേജ് ക്ഷാമം ഇല്ലാതാകുകയും അടിക്കടി വൈദ്യുതി മുടങ്ങുന്നത് ഒഴിവാക്കാനാകുമാകും. മന്ത്രിയിൽ നിന്ന് അനുകൂല മറുപടിയാണ് ലഭിച്ചത്.
എസ്.എം.അലിയാർ,
ഗ്രാമപഞ്ചായത്ത് മെമ്പർ