കാക്കനാട്: കാക്കനാട് കുന്നുംപുറം റോഡിലെ ജില്ലാ വാണിജ്യകേന്ദ്രത്തിന് സമീപമുള്ള തൃക്കാക്കര മുനിസിപ്പൽ റോഡിൽ ഉപയോഗശൂന്യമായ വാഹനങ്ങൾ റോഡ് കൈയേറി ഇട്ടിരിക്കുന്നത് ദുരിതംവിതക്കുന്നു. പ്ലാസ്റ്റിക്, ഭക്ഷണമാലിന്യങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ പൊതുവഴി. ഫ്ലാറ്റുകളും വാണിജ്യസമുച്ചയങ്ങളും വീടുകളും സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ഈ ദുരവസ്ഥ. കാക്കനാട് ജില്ലാ ഭരണകൂടത്തിന്റെ സമീപമുള്ള റോഡിന്റെ അവസ്ഥ പരിഹരിക്കേണ്ട അധികാരികൾ കണ്ണടച്ചിരിക്കുകയാണ്.
വാണിജ്യ സമുച്ചയങ്ങൾ, ഫ്ലാറ്റുകൾ, നിരവധി വീടുകൾ എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന വഴിയാണിത്. തൃക്കാക്കരയിൽ തെരുവുനായകളുടെ വിളയാട്ടം അതിരൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലാണ് തെരുവ് നായ്ക്കളുടെ വാസകേന്ദ്രമായി മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഈ റോഡ് മാറിയിരിക്കുന്നത്.
നൂറുകണക്കിന് കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളും പോകുന്ന ഈ വഴിയിൽ സന്ധ്യകഴിഞ്ഞാൽ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. നിരവധി പരാതികൾ അധികാരികൾക്ക് കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെ യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മാലിന്യം മാറ്റുന്നതിന് മുനിസിപ്പൽ അധികാരികളും നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
ഉപയോഗശൂന്യമായ നിരവധി വാഹനങ്ങൾ വർഷങ്ങളായി റോഡിൽ കൂട്ടിയിട്ടിരിക്കുകയാണ്. ഉടമസ്ഥർ ആരാണെന്ന് അറിയാത്തതിലും ദുരൂഹതയുണ്ട്. അധികാരികൾ അടിയന്തര വിഷയത്തിൽ ഇടപെടണം.
റെസി.അസോസിയേഷൻ
ഭാരവാഹികൾ
മുനിസിപ്പൽ റോഡ് കൈയേറി റോഡിൽ ഇട്ടിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങളും മാലിന്യക്കൂമ്പാരങ്ങളും അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി കൊടുക്കും.
പ്രമേഷ് വി.ബാബു,
സി.പി.ഐ തൃക്കാക്കര ഈസ്റ്റ് ലോക്കൽ സെക്രട്ടറി
കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ മാറ്റുവാനും മാലിന്യം നീക്കംചെയ്യുന്നതിന് വേണ്ടിയുള്ള നടപടികൾ ഉടൻ ആരംഭിക്കും.
റാഷിദ് ഉള്ളംപള്ളി
വാർഡ് കൗൺസിലർ