photo

വൈപ്പിൻ : തീരദേശ പരിപാലന നിയമത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിലാക്കി നിഷിദ്ധ മേഖലകളിൽ വീട് നിർമ്മാണത്തിന് അനുമതി നൽകാൻ തീരുമാനമായി. ഇതോടെ എടവനക്കാട് പഞ്ചായത്തിൽ വീട് നിർമമാണ അനുമതിക്കായി മുറവിളി കൂട്ടിയിരുന്ന നിരവധി സാധാരണക്കാരുടെ ദുരിതത്തിന് അറുതിയാകും.
ഇന്നലെ ജില്ലാ കളക്‌ട്രേറ്റിൽ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടർ വിളിച്ചു ചേർത്ത അനുരജ്ഞന യോഗത്തിലാണ് തീരുമാനം. തീരദേശ പരിപാലന നിയമവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പത്ത് നിബന്ധനകൾ ഉൾപ്പെടുത്തിയ സത്യവാങ്മൂലം വീട് നിർമ്മാണത്തിന് അപേക്ഷിക്കുന്നവർ മുദ്രപത്രത്തിൽ സമർപ്പിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന ചർച്ചയിൽ എൽ.എസ്.ജി.ഡി ജോ. ഡയറക്ടർ, പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് ഇക്ബാൽ, അംഗങ്ങളായ നിഷിത ഫൈസൽ, പി.ബി.സാബു, സജിത് കുട്ടൻ, ശാന്തി മുരളി, സെക്രട്ടറി ലിമി ആന്റണി , എടവനക്കാട് സമരസമിതി നേതാക്കളായ ഇ.കെ. സലിഹരൻ, പി.എസ്. ശ്യാംകുമാർ, യൂസഫ് കളപ്പുരക്കൽ തുടങ്ങിയവർ പങ്കെടുത്തു.

സമരത്തിലൂടെ നേടിയെടുത്തു
സർക്കാരുകളുടെ അനുമതിയുണ്ടായിട്ടും സിആർഇസഡ് നിയന്ത്രണത്തിൽ ഇളവ് നൽകാതെ എടവനക്കാട് ഗ്രാമപഞ്ചായത്ത് അപേക്ഷകൾ നിരസിക്കുന്നതിനെച്ചൊല്ലി നിരവധി തവണ എടവനക്കാട്‌ സമരസമിതിയുടെ നേതൃത്വത്തിൽ സമരം നടന്നിട്ടുണ്ട്. സംസ്ഥാന പാതയിൽ കുടിൽകെട്ടി സമരം, രാപ്പകൽ സമരം,സംസ്ഥാന പാത ഉപരോധം തുടങ്ങി പല സമരങ്ങളും നടത്തിയെങ്കിലും പ്രശ്‌നപരിഹാരമായില്ല. ഇതേ തുടർന്ന് 3 ദിവസമായി സമരസമിതിയുടെ നേതൃത്വത്തിൽ അപേക്ഷകരായ പത്തോളം പേർ പഞ്ചായത്ത് ഓഫീസിൽ രാപ്പകൽ സമരം തുടങ്ങുകയും ചെയ്തു.

അനുമതി നൽകാത്തത് പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ കടുംപിടുത്തം മൂലമാണെന്ന് ആരോപിച്ച് പ്രസിഡന്റ് അസീന അബ്ദുൾ സലാം ചൊവ്വാഴ്ച പഞ്ചായത്ത് ഓഫീസിലെ തന്റെ ചേംബറിൽ നിരാഹാരം നടത്തിയിരുന്നു. തുടർന്ന് ബുധനാഴ്ച തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ എടവനക്കാട് എത്തി പ്രസിഡന്റുമായി സംസാരിക്കുകയും വ്യാഴാഴ്ച ചർച്ച ചെയ്യാമെന്ന് അറിയിച്ചതിനെ തുടർന്ന് പ്രസിഡന്റ് സമരം നിർത്തി വക്കുകയും ചെയ്തിരുന്നു.