കാക്കനാട്: തൃക്കാക്കര നഗരസഭാ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനം നഗരസഭയിലേക്കെത്തുന്നവരുടെ വഴിമുടക്കുന്നതായി പരാതി. നഗരസഭയുടെ പ്രധാന കവാടത്തിലൂടെ മറ്റു വാഹനങ്ങൾക്കോ യാത്രക്കാർക്കോ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണെന്നാണ് പരാതി.
പ്രധാനഗേറ്റ് പോലും തുറക്കാൻ കഴിയാത്ത കഴിയാത്ത രീതിയിലാണ് കുറച്ച് നാളായി ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനം പാർക്ക് ചെയ്യുന്നത്. ഓരോ ആവശ്യങ്ങൾക്കായി മുനിസിപ്പാലിറ്റിയിൽ വരുന്ന പ്രായമായവരും വികലാംഗരുൾപ്പെടെ മുനിസിപ്പാലിറ്റിക്ക് മുന്നിലുള്ള പ്രധാന റോഡിൽ വാഹനം നിറുത്തിവേണം അകത്തേക്ക് നടന്നുവരാൻ. നഗരസഭയിൽ ആവശ്യങ്ങൾക്കായി വരുന്നവർക്കക്ക് ഇതേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മുനിസിപ്പാലിറ്റിയുടെ ആവശ്യത്തിനായി കൊണ്ടുവരുന്ന സാധനസാമഗ്രികളും മുനിസിപ്പൽ സമുച്ചയത്തിൽ സ്ഥിതിചെയ്യുന്ന സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങളും കൊണ്ടുവരുന്ന വാഹനങ്ങൾ ഇപ്പോൾ മറ്റൊരു സ്ഥലത്ത് നിറുത്തി സാധനങ്ങൾ ഇറക്കിവച്ച് തൊഴിലാളികൾ തലച്ചുമടായി കൊണ്ടുവരുന്ന സാഹചര്യമാണ്.
ജനങ്ങൾക്ക് വഴികാട്ടേണ്ട അധികാരികൾ വഴിമുടക്കികൾ ആകരുതെന്നും പൊതുജനങ്ങളുടെ നികുതിപ്പണംകൊണ്ട് വാങ്ങിച്ച വാഹനം ജനങ്ങൾക്ക് പാരയാകുന്ന രീതിയിൽ പാർക്കുചെയ്യരുതെന്നും മാറ്റിയിടണമെന്നും പൊതുപ്രവർത്തകനായ പ്രദീപ് ന്യൂ ഇന്ത്യ ആവശ്യപ്പെട്ടു.