കൊച്ചി: കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒരേ മരത്തണലിൽ പുറത്തോട് പുറം തിരിഞ്ഞുനിന്നാൽ കേന്ദ്ര- സംസ്ഥാന - പ്രാദേശിക ഭരണങ്ങൾക്കെതിരെ സുഖകരമായി സമരം ചെയ്യാവുന്ന കൊച്ചിയിലെ ഏകവേദി ഇനി നാലിടത്തായി ചിതറും. സുഭാഷ് പാർക്കിനും ബോട്ട് ജെട്ടിക്കുമരികെ വൻമരങ്ങൾ തണലേകുന്ന, കായൽകാറ്റ് സദാ തഴുകുന്ന പാർക്ക് അവന്യൂ റോഡിലാണ് കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസ്, പൊലീസ് കമ്മീഷണർ ഓഫീസ്, ബി.എസ്.എൻ.എൽ ടെലിഫോൺ എക്സ്ചേഞ്ച്, കണയന്നൂർ താലൂക്ക് ഓഫീസ് എന്നിവയുള്ളത്. ഭരണത്തിലും പ്രതിപക്ഷത്തുമുള്ള വിവിധ രാഷ്ട്രീയ കക്ഷികൾക്ക് കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞുനിന്ന് പ്രതിഷേധിക്കാവുന്ന സുഖശീതളവേദി.
പ്രതിഷേധം കേന്ദ്രസർക്കാരിനെതിരാണെങ്കിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്കും സംസ്ഥാന സർക്കാരിനെതിരെയാണെങ്കിൽ താലൂക്ക് ഓഫീസിലേക്കും പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരാണെങ്കിൽ ചിൽഡ്രൻസ് പാർക്കിനെതിരെയുള്ള റവന്യൂ ടവറിലെ കമ്മീഷണർ ഓഫീസിലേക്കും തദ്ദേശഭരണത്തിനെതിരാണെങ്കിൽ കോർപ്പറേഷൻ ഓഫീസിലേക്കും ഉച്ചഭാഷിണിയും മുഖവും തിരിച്ചുവച്ചാൽ മതിയായിരുന്നു. ഇനി ആ സൗകര്യം ഇല്ലാതാവുകയാണ്.
1. താലൂക്ക് ഓഫീസ് ഡി.എച്ച് റോഡിലേക്ക്
താലൂക്ക് ആസ്ഥാനം ഡി.എച്ച് റോഡിൽ എറണാകുളത്തപ്പൻ ഗ്രൗണ്ടിന് എതിർവശത്തുള്ള പഴയ എയർ ഇന്ത്യാ ആസ്ഥാനത്തേയ്ക്കാണ്. റവന്യൂ വകുപ്പ് സ്ഥലമേറ്റെടുത്തു. തീരുമാനവുമായി.
2. കോർപ്പറേഷൻ ഓഫീസ് മറൈൻ ഡ്രൈവിലേക്ക്
രണ്ട് പതിറ്റാണ്ടായി കോർപ്പറേഷൻ നിർമ്മിക്കുന്ന ആസ്ഥാനമന്ദിരത്തിന്റെ പണി അവസാനഘട്ടത്തിൽ. ഉദ്ഘാടനം മാസങ്ങൾക്കുള്ളിൽ.
3. കമ്മീഷണർ ഓഫീസ് ഹൈക്കോടതി ജംഗ്ഷനിൽ
പഴയ കമ്മിഷണർ ഓഫീസ് മന്ദിരത്തിന് പകരം നിർമ്മിക്കുന്ന ബഹുനില മന്ദിരം പണി പുരോഗമിക്കുന്നു. വൈകാതെ റവന്യൂ ടവറിലെ താത്കാലിക ഓഫീസ് ഇവിടേക്ക് മാറും
4. ബോട്ട് ജെട്ടിയിൽ ടെലിഫോൺ എക്സ്ചേഞ്ച് മാത്രം
ബി.എസ്.എൻ.എല്ലിന്റെ പഴയ പ്രതാപം മങ്ങിയെങ്കിലും സമരക്കാർക്ക് ടെലിഫോൺ എക്സ്ചേഞ്ച് മന്ദിരമാണ് ഇനി പാർക്ക് അവന്യൂവിൽ ആശ്രയം.
കേന്ദ്രവിരുദ്ധ സമരങ്ങളുടെ മറ്റൊരു പ്രധാന കേന്ദ്രമായിരുന്ന മഹാരാജാസ് ഗ്രൗണ്ടിന് സമീപത്തെ മുല്ലശേരി കനാൽ റോഡിലുള്ള ഇ.ഡി. ഓഫീസ് കഴിഞ്ഞ ദിവസം കടവന്ത്ര മെട്രോ സ്റ്റേഷന് സമീപത്തേക്ക് മാറ്റി.
തണലിൽ നിന്ന് പൊരിവെയിലിലേക്ക്
കോർപ്പറേഷനെതിരെ പുതിയ മന്ദിരത്തിന് മുന്നിൽ സമരം ചെയ്യുന്നവർ നന്നായി വിയർക്കും. ഒരു ചെറുമരത്തണൽ പോലുമില്ല. സമരക്കാരെ പൊലീസ് തടഞ്ഞാൽ ടാർറോഡിൽ കുത്തിയിരുന്ന് പൊള്ളുകയേ നിവൃത്തിയുള്ളു. എയർ ഇന്ത്യാ ഓഫീസിൽ ഒന്നു രണ്ട് ബദാം മരങ്ങൾ ഉള്ളതുകൊണ്ട് സംസ്ഥാന സർക്കാരിനെതിരായ സമരക്കാർക്ക് ആശ്വസിക്കാം. പുതിയ കമ്മിഷണർ ഓഫീസിനും ഇതുതന്നെ അവസ്ഥ,