
പെരുമ്പാവൂർ: നെൽകെജി കുട്ടി കർഷക സംഗമവും വിളവെടുപ്പ് മഹോത്സവവും നാളെ ഉച്ചക്ക് രണ്ടു മുതൽ 5 മണി വരെ വേങ്ങൂർ മാർ കൗമ സ്കൂളിൽ നടക്കും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ വിളവെടുപ്പ് മഹോത്സവം കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, സാജു പോൾ, ബാബുജോസഫ്, എൻ.പി ആന്റണി പവിഴം, ജില്ലാ കൃഷി ഓഫീസർ ഇന്ദു പി. നായർ, സിബി വി.ജി എന്നിവർ സംസാരിക്കും. കാർഷിക പ്രദർശന വിപണന മേളയും സ്റ്റാളുകളും ഉണ്ടാകുമെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ പറഞ്ഞു.
ലാപ്‌ടോപ്പ് സമ്മാനം
കര നെൽ കൃഷി ചെയ്തിട്ടുള്ള സ്കൂളുകൾ തങ്ങളുടെ ഉത്പന്നങ്ങൾ കറ്റയായോ നെല്ലായോ കൊണ്ടുവരികയും പ്രദർശിപ്പിക്കുകയും ചെയ്യും. സ്കൂളിലോ വീട്ടിലോ നെൽകൃഷി ചെയ്തിരിക്കുന്ന കുട്ടികളുടെ നെൽച്ചെടികൾ അന്നേദിവസം മൂല്യനിർണയത്തിന് വിധേയമാകും.
കൃഷിപ്പാട്ട് / കൊയ്തു പാട്ട് മത്സരം, കർഷക പ്രച്ഛന്നവേഷ മത്സരം തുടങ്ങിയവയും നടക്കും.
കരനെൽ കൃഷി വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 25000, 15000, 10000 രൂപ വീതം സമ്മാനം നല്കും. ഏറ്റവും മികച്ച രീതിയിൽ നെൽകെജിയിലെ എല്ലാ പദ്ധതികളും ഏറ്റെടുത്ത 10 സ്കൂളുകൾക്ക് ലാപ്ടോപ്പ് / കമ്പ്യൂട്ടർ എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തി സമ്മാനമായി നൽകും. 50 സ്കൂളുകൾക്ക് 5 ലക്ഷം രൂപയുടെ ( ഒരു സ്കൂളിന് ഏകദേശം 7000 രൂപയുടെ ) പുസ്തകങ്ങൾ സമ്മാനിക്കും. ഏറ്റവും മികച്ച നെൽ കൃഷി ചെയ്ത 100 കുട്ടി കർഷകർക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകും