കൊച്ചി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഉദയംപേരൂർ എൽ.പി.ജി പ്ളാന്റിൽ നിന്നുള്ള പാചകവാതക വിതരണം സാധാരണനിലയിലാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പേറഷൻ അറിയിച്ചു. സിലണ്ടർ വിതരണം പൂർണതോതിൽ തുടരുകയാണ്.

കഴിഞ്ഞമാസം അവസാനം ഒരുവിഭാഗം കരാർ തൊഴിലാളികളുടെ സമരം പ്ളാന്റിന്റെ പ്രവർത്തനത്തെ ഭാഗികമായി ബാധിച്ചിരുന്നു. ഗാന്ധിജയന്തിക്ക് ഈമാസം രണ്ട് അവധിയായതും ഉത്പാദനത്തെ ബാധിച്ചിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഉത്പാദനവും വിതരണവും സാധാരണ നിലയിലെത്തി.

വിതരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വർദ്ധിച്ചുവരുന്ന അവധിക്കാല ആവശ്യകത നിറവേറ്റുന്നതിനും തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് അധിക ലോഡുകൾ എത്തിക്കുന്നുമുണ്ട്. എല്ലാ ഉപഭോക്താക്കൾക്കും എൽ.പി.ജി സിലിണ്ടറുകൾ സമയബന്ധിതവും സുരക്ഷിതവുമായി വിതരണം ഉറപ്പാക്കുമെന്ന് ഇന്ത്യൻ ഓയിൽ വക്താവ് അറിയിച്ചു.