കൊച്ചി: ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് ഇന്നുമുതൽ മൂന്നുനാൾ കലാ- സാഹിത്യ- സാംസ്കാരികോത്സവ വേദിയാകും. മഹാകവി ചങ്ങമ്പുഴയുടെ 115-ാംജന്മവാർഷികം, ചങ്ങമ്പുഴ ഗ്രന്ഥശാലയുടെ എഴുപത്തിയഞ്ചാം വാർഷികം, ചങ്ങമ്പുഴ കലാവേദിയുടെ 34-ാം വാർഷികം എന്നിങ്ങനെ വിവിധ ആഘോഷങ്ങളാണ് ഒരേ വേദിയിൽ അരങ്ങേറുന്നത്.
ഇന്ന് രാവിലെ 9ന് ചങ്ങമ്പുഴയുടെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. പാർക്കിൽ 10ന് നടക്കുന്ന കവിയരങ്ങ് കവി മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്യും. കെ.വി. അനിൽകുമാർ, രവിത ഹരിദാസ്, അഥീന നിരഞ്ജ്, വിഷ്ണുപ്രസാദ്, അൻവാർ കാക്കനാട്, ജോൺ പൊന്നൻ, ബിന്ദു രാമചന്ദ്രൻ, അനിൽ മുട്ടാർ, ദിനേശ് പുലിമുഖത്ത്, ദയ പച്ചാളം, വരുൺ മുരളി, അർച്ചിത് അമേയ എന്നിവർ പങ്കെടുക്കും.
വൈകിട്ട് 5ന് ചങ്ങമ്പുഴ കലാവേദിയുടെ പഞ്ചാരിമേളത്തിനുശേഷം നടക്കുന്ന അനുസ്മരണ സമ്മേളനം കൊച്ചി മുൻ മേയർ അഡ്വ. കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഷാജി പ്രണത എന്നിവർ പ്രസംഗിക്കും. രാത്രി 7.30ന് സുനിൽ പള്ളിപ്പുറത്തിന്റെ സിനിമകച്ചേരി.
നാളെ രാവിലെ 10ന് ക്ലാസിക് സിനിമകളുടെ കാലികപ്രസക്തി എന്ന വിഷയത്തിൽ ചർച്ച, വൈകിട്ട് 5ന് ചങ്ങമ്പുഴയും കാല്പനികതയും എന്ന വിഷയത്തിൽ പ്രൊഫ.എസ്. ജോസഫ്, സാഹിത്യവും അധികാരവും എന്ന വിഷയത്തിൽ ഡോ.ടി.എസ്. ശ്യാംകുമാർ എന്നിവരുടെ പ്രഭാഷണം, രാത്രി 7.30ന് അന്തിക്കാട് നാടകവീടിന്റെ 'വെയ് രാജ വെയ്' നാടകം. 12ന് രാവിലെ 10ന് അക്ഷരശ്ലോക സദസ്, 11ന് കാവ്യകേളിസദസ്, വൈകിട്ട് 5.30ന് 'സംസ്കാരത്തിന്റെ മുദ്രകൾ ചങ്ങമ്പുഴ കവിതകളിൽ' എന്ന വിഷയത്തിൽ ഡോ.ഒ.ജി. ഒലീനയുടെ പ്രഭാഷണം, വൈകിട്ട് 6ന് ചങ്ങമ്പുഴ കലാവേദി വാർഷികാഘോഷവും മത്സരവിജയികൾക്കുള്ള സമ്മാനദാനവും. 7ന് ഗാനമേള.