ആലുവ: ജില്ലയിൽ രണ്ടാഴ്ചയ്ക്കിടെ സി.പി.ഐയുടെ രണ്ടാമത്തെ ജില്ലാ പഞ്ചായത്ത് അംഗവും പാർട്ടി അംഗത്വം രാജിവച്ചു. മറ്റൊരു യുവനേതാവും പാർട്ടിവിട്ടു. എടത്തല ജില്ലാപഞ്ചായത്ത് അംഗമായിരുന്ന അഡ്വ. റൈജ അമീറും എ.ഐ.എസ്.എഫ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്ന എ. എ. സഹദുമാണ് പാർട്ടിയിൽനിന്ന് രാജിവച്ചത്. അടുത്തദിവസം റൈജ ജില്ലാ പഞ്ചായത്ത് സ്ഥാനവും രാജിവയ്ക്കും.

സെപ്തംബർ 28നാണ് ജില്ലാ പഞ്ചായത്ത് ആലങ്ങാട് ഡിവിഷൻ അംഗവും കളമശേരി മണ്ഡലം മുൻ സെക്രട്ടറിയുമായിരുന്ന കെ.വി. രവീന്ദ്രൻ രാജിവച്ചത്. പാർട്ടി അംഗത്വവും ജില്ലാ പഞ്ചായത്ത് അംഗത്വവുമാണ് അദ്ദേഹം രാജിവച്ചത്. കഴിഞ്ഞ മണ്ഡലം സമ്മേളനത്തിൽ ഇരുവരെയും മണ്ഡലം കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് രാജി.

സി.പി.ഐ മുതിർന്ന നേതാവായിരുന്ന കെ.സി. പ്രഭാകരന്റെ മകളും പറവൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ രമ ശിവശങ്കരൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗവും പറവൂർ മണ്ഡലം മുൻ കമ്മിറ്റി അംഗവുമായ ഷെറൂബി സെലസ്റ്റിൻ എന്നിവരും രാജിവച്ചിരുന്നു. തുടർന്ന് മൂവരും സി.പി.എമ്മിൽ ചേർന്നിരുന്നു. കഴിഞ്ഞതവണ അഞ്ച് ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ മത്സരിച്ച സിപിഐയ്ക്ക് മൂന്നുസീറ്റാണ് ലഭിച്ചത്. ഇതിൽ രണ്ടുപേർ പാർട്ടി അംഗത്വം രാജിവച്ചു. മൂന്നാമത്തെയാൾ മുൻ മുഖ്യമന്ത്രി പി.കെ.വിയുടെ മകൾ ശാരദാ മോഹനാണ്.

പാർട്ടി മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി​ യുവാക്കളെയും വനിതകളെയും വെട്ടിനിരത്തി ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്നാണ് റൈജ അമീർ രാജിക്കുറിപ്പ് പങ്കുവച്ച സാമൂഹ്യമാദ്ധ്യമ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. രാജിവച്ച ഇരുവരും സി.പി.എമ്മിലേക്കെന്നാണ് സൂചന. ഏതാനും മാസം മുമ്പ് മുൻ ജില്ലാ പഞ്ചായത്ത് അംഗവും സി.പി.ഐ ആലുവ മണ്ഡലം സെക്രട്ടറിയുമായിരുന്ന എടത്തല സ്വദേശി അഡ്വ. അസ്ലഫ് പാറേക്കാടനും സി.പി.ഐയിൽനിന്ന് രാജിവച്ച് ട്വിന്റി 20യിൽ ചേർന്നിരുന്നു.