കൊച്ചി: എറണാകുളത്തെ ബാറിലുണ്ടായ സംഘർഷത്തിൽ നഗരസഭാ കൗൺസിലറെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്കും വടിവാളും പൊലീസ് കണ്ടെടുത്തു. പ്രതികളായ സെബിൻ, ബേസിൽ ബാബു, ഷബീർ, ആര്യൻ എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെടുത്തത്.
മുളവുകാട് ഭാഗത്ത് ചതുപ്പുകൾക്ക് സമീപം കാടുപിടിച്ച് കിടക്കുന്ന ഭാഗത്ത് നിന്നാണ് തോക്കും വടിവാളും ലഭിച്ചത്. തോക്ക് ബാലസ്റ്റിക് പരിശോധനയ്ക്ക് നൽകും. പരിശോധനയ്ക്ക് ശേഷമേ ഏതുതരം തോക്കെന്ന് വ്യക്തമാകൂ. 35,000 രൂപ വിലയുള്ള എയർഗണ്ണാണെന്ന പ്രതികളുടെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ബാറിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാൻ ഉപയോഗിച്ച രണ്ട് വടിവാളുകളിൽ ഒരെണ്ണം ബംഗളൂരുവിൽ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തപ്പോൾ കണ്ടെടുത്തിരുന്നു. ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ചതായി വിവരം ലഭിച്ചെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സെപ്തംബർ 20ന് രാത്രിയാണ് എറണാകുളം എം.ജി റോഡിലെ ബാറിൽ കൗൺസിലറും പ്രതികളും വാക്കേറ്റമുണ്ടായത്. തുടർന്ന് ബാറിന് പുറത്ത് പാർക്ക് ചെയ്ത കാറിൽ നിന്ന് തോക്കും വടിവാളും മാരകായുധങ്ങളുമായി ബാറിലേക്ക് ഇടിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.