ji
ട്രാഫിക് വാർഡൻമാരുടെ മർദ്ദനമേറ്റ ജിനീഷ്

കാക്കനാട്: പട്ടികജാതി യുവാവിനെ ട്രാഫിക് വാർഡൻമാർ സംഘംചേർന്ന് മർദ്ദി​ച്ചതായി പരാതി. വാഴക്കാല മൂലപ്പാടം കണ്ടേപാടംവീട്ടിൽ ജിനീഷിനാണ് (38) മർദ്ദനമേറ്റത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

കുട്ടികൾക്ക് ഭക്ഷണം വാങ്ങാനായി ഹോട്ടലിലെത്തിയ ജിനീഷ് അവിടെയുണ്ടായിരുന്ന ട്രാഫിക് വാർഡൻമാരുമായി വാഴക്കാലയിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് സംസാരിച്ചു. ദിവസങ്ങൾക്കു മുൻപ് ഭാര്യ വാഴക്കാല ജംഗ്ഷനിൽവച്ച് സ്കൂട്ടർ അപകടത്തിൽപ്പെട്ട വിവരം അറിയിക്കുകയും തുടർന്ന് തർക്കമാവുകയും ചെയ്തു.

മേലുദ്യോഗസ്ഥരുടെ നമ്പർ വേണമെന്ന് വാർഡൻമാരോട് ജിനീഷ് ആവശ്യപ്പെട്ടു. നമ്പർ തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഭാഗത്തേക്ക് മാറ്റി നിറുത്തി വനിതകൾ ഉൾപ്പെടെ 7 വാർഡന്മാർ ചേർന്നു മർദ്ദിക്കുകയായിരുന്നുവെന്ന് പരാതി​യി​ൽ പറയുന്നു.

തലയ്ക്കും കണ്ണിന്റെ ഭാഗത്തും കൈകാലുകൾക്കും പരി​ക്കേറ്റു. അബോധാവസ്ഥയിലായ ജിനീഷിനെ പി​ന്നീട് ഭാര്യയും നാട്ടുകാരും ചേർന്നാണ് തൃക്കാക്കര സഹകരണ ആശുപത്രിയിലെത്തിച്ചത്. തൃക്കാക്കര പൊലീസ് സ്റ്റേഷനിലും പട്ടികജാതി ഓഫീസിലും പരാതി നൽകി. സി.സി ടിവിദൃശ്യങ്ങളിൽ ജിനീഷിനെ മർദ്ദിച്ചത് വ്യക്തമാണ്. കൂലിപ്പണിക്കാരനാണ് ജിനീഷ്. അമ്മയും ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളും അടങ്ങുന്ന കുടുംബമാണ് ജിനീഷിന്റെത്.