ആലുവ: ആലുവയിൽ 38 കോടി രൂപ ചെലവിൽ കോടതി സമുച്ചയം നിർമ്മിക്കുന്നതിനുള്ള അവസാന കടമ്പയും കടന്നു. മൂന്ന് വർഷം മുമ്പ് ഭരണാനുമതി ലഭിച്ച പദ്ധതിക്ക് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഒടുവിൽ സാങ്കേതികാനുമതിയും ലഭിച്ചു. ഉടൻ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു.
നിലവിൽ പ്രവർത്തിച്ചിരുന്ന കോടതികൾക്ക് താത്കാലിക സൗകര്യം ഒരുക്കുന്നതിലുണ്ടായ കാലതാമസവും ഫയർ ആൻഡ് സേഫ്ടി, ജയിൽ വകുപ്പ് എൻ.ഒ.സികൾ ലഭ്യമാക്കേണ്ടി വന്നതുമാണ് പദ്ധതി വൈകിപ്പിച്ചത്. ജയിൽ വകുപ്പിന്റെ എൻ.ഒ.സി ലഭിക്കുന്നതിനായി കോടതി കെട്ടിടത്തിന്റെ രൂപരേഖയിൽ മാറ്റം വരുത്തേണ്ടതായും വന്നു. എതിർവശത്തെ സബ് ജയിൽ വളപ്പ് കാണാൻ കഴിയുന്ന വിധം ജനലുകളും വാതിലുകളും പാടില്ലെന്ന നിർദ്ദേശം കൂടി പരിഗണിച്ചാണ് രൂപരേഖ പുതുക്കിയത്.
86090.76 ചതുരശ്ര അടി കെട്ടിടം
പുതുക്കിയ പ്ലാൻ പ്രകാരം ആറ് നിലകളിലായി 86090.76 ചതുരശ്ര അടി കെട്ടിടമാണ് നിർമ്മിക്കുന്നത്. രണ്ടു നിലകൾ ബേസ്‌മെന്റിൽ പാർക്കിംഗിനും മുകളിൽ നാല് നിലകളിലായി കോടതികളുമാണ്. കോടതികൾ പ്രവർത്തിച്ചിരുന്ന 85.593 സെന്റ് സ്ഥലത്തെ രണ്ടു കെട്ടിടങ്ങൾ 25 ലക്ഷം രൂപയ്ക്കാണ് പൊളിക്കുന്നതിന് കരാർ നൽകിയിരുന്നത്. മാസങ്ങൾക്ക് മുമ്പ് കെട്ടിടം പൊളിച്ച് ഭൂമി നിരപ്പാക്കിയിട്ടുണ്ട്.
ആറ് കോടതികൾക്ക് സൗകര്യം
പുതിയ കെട്ടിടത്തിൽ മുൻസിഫ് കോടതി, കുടുംബ കോടതി, ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യൽ കോടതി, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഒന്ന്, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രണ്ട് എന്നീ കോടതികൾക്ക് പുറമെ മറ്റൊരു കോടതിക്കുമുള്ള സ്ഥലമുണ്ടാകും.
കോടതികൾ വാടക കെട്ടിടങ്ങളിൽ
നിലവിൽ ആലുവയിലെ അഞ്ച് കോടതികളും മൂന്നിടത്തായി വാടക കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ബി.എസ്.എൻ.എൽ കെട്ടിടത്തിൽ രണ്ട് മജിസ്‌ട്രേറ്റ് കോടതികളും ഒരു മുൻസിഫ് കോടതിയുമുണ്ട്. കുടുംബകോടതി സീനത്ത് കവലയിലും പോക്‌സോ കോടതി നഗരസഭ ഓഫീസിന് എതിർവശത്തെ കെട്ടിടത്തിലുമാണ്.
കല്ലിടൽ വൈകിയേക്കും
ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ചാലും കല്ലിടൽ വൈകിയേക്കും. ത്രിതല തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ ഉണ്ടാവാൻ സാദ്ധ്യതയുള്ളതിനാലാണ് കല്ലിടൽ നീളാൻ കാരണം.