ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തി
കൊച്ചി: കുണ്ടന്നൂരിൽ സ്റ്റീൽ വ്യാപാരി സുബിൻ തോമസിനെ തോക്കും വടിവാളും കാട്ടി ഭീഷണിപ്പെടുത്തി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയിലെ അഭിഭാഷകനും സ്ത്രീയുമുൾപ്പെടെയാണ് മരട് പൊലീസിന്റെ പിടിയിലായത്. ഒരാളുടെ അറസ്റ്റ് രേഖപെടുത്തി. തട്ടിയെടുത്ത പണവുമായി രക്ഷപ്പെടാൻ കവർച്ചാസംഘം ഉപയോഗിച്ച കാർ തൃശൂർ നാട്ടിക ഭാഗത്തു നിന്ന് കണ്ടെടുത്തു. സംഘത്തലവൻ ഉദയംപേരൂർ നടമ സ്വദേശി ജോജിക്കും പണം തട്ടിയെടുത്ത മുഖംമൂടി സംഘത്തിനുമായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം തുടരുന്നു.
കവർച്ച നടന്ന നാഷണൽ സ്റ്റീൽസിൽ നിന്ന് ബുധനാഴ്ച വൈകിട്ട് പിടിയിലായ വടുതല പച്ചാളം സ്വദേശി സജിയുടെ (43) അറസ്റ്റാണ് രേഖപ്പെടുത്തിയത്. അഭിഭാഷകനായ കലൂർ എസ്.ആർ.എം റോഡ് കണ്ണിടത്ത് വീട്ടിൽ നിഖിൽ (43), പള്ളുരുത്തി കണ്ണോത്ത് പീടികയിൽ ബുഷാവ (47), ചേരാനല്ലൂർ താമരശേരി വീട്ടിൽ ആസിഫ് ഇക്ബാൽ (43), സംഭവസ്ഥലത്ത് നിന്ന് കാറിൽ കടന്ന നടമ സ്വദേശി വിഷ്ണു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് രാത്രി വൈകി രേഖപ്പെടുത്തിയേക്കും.
ബുധനാഴ്ച വൈകിട്ട് നടന്ന കവർച്ചയിൽ സജിക്ക് പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. 80 ലക്ഷം രൂപ നൽകിയാൽ 1.20 കോടി രൂപയായി വർദ്ധിപ്പിച്ച് നൽകാമെന്ന് പറഞ്ഞാണ് സംഘം സുബിനെ സമീപിച്ചത്. അറസ്റ്റിലായ സജിയാണ് സുബിനെ സംഘത്തിലെ വിഷ്ണുവും ജോജിയുമായി പരിചയപ്പെടുത്തിയതും ഇടപാടിന് ചുക്കാൻ പിടിച്ചതും. ബുധനാഴ്ച വൈകിട്ട് പണം കൈമാറുന്നതിനിടെ തട്ടിയെടുത്ത മുഖംമൂടി സംഘത്തോടൊപ്പം ജോജിയും വിഷ്ണുവും കാറിൽ കടന്നെങ്കിലും സജി അവിടെത്തന്നെ നിന്നു. വിഷ്ണുവിനെ പിന്നീട് തൃശൂരിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്.
ജോജിക്കും മുഖംമൂടി സംഘത്തിനും വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ പറഞ്ഞു. സുബിന്റെ കൈവശമുണ്ടായിരുന്ന 80 ലക്ഷം രൂപയുടെ ഉറവിടത്തെക്കുറിച്ച് മരട് പൊലീസ് അന്വേഷണം തുടങ്ങി.
ഫോൺ വിളിയിൽ
കുടുങ്ങി
കവർച്ച നടന്നയുടൻ സജി ഫോണിൽ ബുഷാവയെ വിളിച്ചതായി പൊലീസ് കണ്ടെത്തി. തുടർന്ന് ബുഷാവ അഭിഭാഷകനായ നിഖിലിനെ ബന്ധപ്പെടുകയും ഇയാൾ സജിയെ വിളിക്കുകയും ചെയ്തു. മൂന്നുപേരും നിരവധി സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. വായ്പകളും മറ്റും തരപ്പെടുത്തി കൊടുത്ത് കമ്മിഷൻ ഈടാക്കി വരികയായിരുന്നു. കവർച്ചയുടെ ആസൂത്രണവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.