ചോറ്റാനിക്കര: പുണ്യമീ ക്ഷേത്രാങ്കണം ജനകീയ യജ്ഞത്തിലൂടെ ചോറ്റാനിക്കര ദേവീക്ഷേത്രം മാലിന്യവിമുക്ത മാതൃകയാകും. പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടിന് ചോറ്റാനിക്കര ദേവിീക്ഷേത്രത്തിൽ ജനകീയ ശുചിത്വയജ്ഞത്തിന് തുടക്കമാകും.

രാവിലെ 9ന് കൊച്ചി ദേവസ്വംബോർഡ് മെമ്പർ കെ.പി അജയൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് അദ്ധ്യക്ഷനാകും. വാർഡ് മെമ്പർമാരായ പ്രകാശൻ ശ്രീധരൻ, ലത ഭാസി, അസിസ്റ്റന്റ് കമ്മിഷണർ യഹുലദാസ്, ദേവസ്വം മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, ഉപദേശകസമിതി പ്രസിഡന്റ് പ്രവീൺ ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി വിനോദ്കുമാർ തുടങ്ങിയവർ സംസാരിക്കും.

ഭക്തജനങ്ങൾക്ക് പദ്ധതിയിൽ പങ്കെടുക്കുവാൻ ചോറ്റാനിക്കര ദേവസ്വം തയ്യാറാക്കിയിട്ടുള്ള ഗൂഗിൾ ഫോമിൽ വാളണ്ടിയർമാരാകാൻ അപേക്ഷിക്കാം.

ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് ചുറ്റുമുള്ള മാലിന്യപ്രശ്നത്തിന് സ്ഥിരപരിഹാരം കാണാനായി ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്, ദേവസ്വംബോർഡ്, ക്ഷേത്രോപദേശക സമിതി എന്നിവയുടെ നേതൃത്വത്തിലാണ് പുണ്യമീ ക്ഷേത്രാങ്കണം പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നൂറിലധികം വാളണ്ടിയർമാർ, ദേവസ്വം ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ അണിചേരും.

ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ചോറ്റാനിക്കര ദേവീക്ഷേത്രം മാലിന്യമുക്തമാക്കി അഭിമാന മാതൃകാസ്ഥലമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. തുടർന്ന് എല്ലാ ഞായറാഴ്ചകളിലും ഭക്തജനങ്ങളുടെയും, ഹരിതകർമ്മ സേനയുടെയും ഉപദേശകസമിതിയുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ പ്രതിവാര ശുചിത്വയജ്ഞം തുടരും. ഇതിലൂടെ ആരാധനാലയത്തിന്റെ പവിത്രത സൗന്ദര്യത്തോടെ സൂക്ഷിക്കും. മുമ്പ് ക്ഷേത്രം പുണ്യമീ പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള പൂന്തോട്ടം നിർമ്മാണവും തൃശൂർ സ്വദേശി ഐശ്വര്യ സുരേഷിന്റെ നേതൃത്വത്തിൽ നടന്നിരുന്നു.

പദ്ധതിയിൽ നടപ്പാക്കുന്നത്

1 ക്ഷേത്രപരിസരത്ത് പ്ലാസ്റ്റിക്, ഭക്ഷണ, പേപ്പർ മാലിന്യങ്ങൾ തരംതിരിച്ച് ഇടുവാൻ പ്രത്യേക ബിന്നുകൾ സ്ഥാപിക്കും

2 ക്ഷേത്രത്തിന് ചുറ്റും വിവിധ ഭാഷകളിൽ ഭക്തജന ബോധവത്കരണത്തിനായി പദ്ധതിയെക്കുറിച്ചുള്ള ബോർഡുകൾ സ്ഥാപിക്കും

3 വിവിധ ഭാഷകളിൽ അറിയിപ്പുകളും തുടർച്ചയായി നൽകും

4 ക്ഷേത്രത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ നിരീക്ഷണക്യാമറയും സ്ഥാപിക്കും