ആമ്പല്ലൂർ: 32 ലക്ഷംരൂപ ചെലവഴിച്ച് കാഞ്ഞിരമറ്റം മിലുങ്കൽ ജംഗ്ഷനിൽ അഗ്രോമാർട്ടിന്റെ 60 സെന്റ് സ്ഥലത്ത് ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച കെട്ടിടത്തിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ് ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷനായി. ജയശ്രീ പത്മാകരൻ, ഷാജി മാധവൻ, അനിത, എൽദോ ടോം പോൾ, ബിന്ദു സജീവ് തുടങ്ങിയവർ സംസാരിച്ചു.
രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പൊതുജനങ്ങൾക്ക് ഒരു കുടക്കീഴിൽ സേവനം ഒരുക്കിയിരിക്കുകയാണ്. കൃഷിഓഫീസ്, കോൺഫറൻസ് ഹാൾ, ഡൈനിംഗ് ഹാൾ എന്നിവ തയ്യാറാക്കി, വി.ഇ.ഒ, എൽ.എസ്.ജി.ഡി അസിസ്റ്റന്റ് എൻജിനിയർ എന്നിവർക്ക് പ്രത്യേക ഓഫീസ് മുറികളും തയ്യാറാക്കിയിട്ടുണ്ട്. വനിതാ ശിശു വികസനഓഫീസും പഞ്ചായത്ത് പ്രസിഡന്റ്, ഹരിതകർമ്മ സ്റ്റേഷൻ സെന്റർ, കുടുംബശ്രീ ജനകീയഹോട്ടൽ, സെക്രട്ടറി എന്നിവർക്കും ഓഫീസും ക്രമീകരിച്ചിട്ടുണ്ട്. കാർഷിക വിപണനകേന്ദ്രവും സപ്ലൈകോയും പഞ്ചായത്ത് ഓഫീസിന് സമീപം തന്നെയുണ്ട്.
5000 സ്ക്വയർ ഫീറ്റിലധികം വിസ്തൃതിയുള്ള കെട്ടിടം പതിമൂന്നാം തീയതിമുതൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും.