കൊച്ചി: തനിക്കെതിരെ ടിവി ചർച്ചയിലൂടെയും സമൂഹമാദ്ധ്യമങ്ങൾ വഴിയും അപകീർത്തികരമായ വ്യാജആരോപണങ്ങൾ നടത്തിയെന്ന് ആരോപിച്ച് വലതുനിരീക്ഷകനായ ഷാബുപ്രസാദിനും പള്ളുരുത്തി സ്വദേശി പി.എസ്. ബാബു സുരേഷിനുമെതിരെ അഡ്വ.ആർ. കൃഷ്ണരാജ് സമർപ്പിച്ച മാനനഷ്ടക്കേസ് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ബി.എസ്. സജിനി തള്ളി. ഫേസ്ബുക്ക് പോസ്റ്റുകളിൽ കൃഷ്ണരാജിന്റെ പേരില്ലെന്നും ഇക്കാര്യം ഹർജിയിൽ അദ്ദേഹംതന്നെ സമ്മതിച്ചിട്ടുള്ളതാണെന്നും ഉത്തരവിൽ പറയുന്നു. ഒരു പൊതുപ്രസ്താവന തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് വ്യക്തിക്ക് പറയാനാവില്ല. പ്രസ്താവനകൾ അടിസ്ഥാനരഹിതമോ വ്യാജമോ ആണെങ്കിൽപ്പോലും അതുമൂലം ആർക്കെങ്കിലും മാനഹാനിയുണ്ടായെന്ന് സ്ഥാപിക്കാൻ സാധിക്കണമെന്നും അത്തരം സാഹചര്യം ഈ കേസിൽ ഇല്ലെന്നും വിധിയിൽ പറയുന്നു. കൃഷ്ണരാജിന്റെ കക്ഷികളിൽ ഒരാളായിരുന്നു ബാബുസുരേഷ്. ഷാബുപ്രസാദ് ചില ഫേസ്ബുക്ക് പോസ്റ്റുകളിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ ഇദ്ദേഹത്തിൽനിന്ന് ലഭ്യമായതാണെന്ന് പറഞ്ഞാണ് കേസിൽ പ്രതി ചേർത്തത്.