ആരക്കുന്നം: തെരുവുനായയുടെ ആക്രമണത്തിൽ സ്കൂൾ വിദ്യാർത്ഥിക്ക് പരിക്ക്. ആരക്കുന്നം സെന്റ് ജോർജ് ഹൈസ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ആണ് സംഭവം. ഇന്റർവെൽ സമയത്ത് കുട്ടി ഓഫീസ് റൂമിലേക്ക് നടന്നു പോകുമ്പോൾ ഷെഡിനുള്ളിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ അടിയിൽ കിടന്ന തെരുവുനായ ആക്രമിക്കുക ആയിരുന്നു എന്നാണ് വിവരം. കാലിലാണ് കടിച്ചത്. ഭയന്ന് പോയ കുട്ടി നിലവിളിച്ച് കരഞ്ഞു. മറ്റ് കുട്ടികൾ ഓടി വന്ന് തെരുവുനായയിൽ നിന്നും വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി.
സ്കൂൾ അധികൃതർ ഉടൻ തന്നെ പിറവം ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പേ വിഷ പ്രതിരോധത്തിനായി ഇൻട്രാ ഡെർമൽ റാബിസ് വാക്സിനേഷനും തുടർന്ന് മൂവാറ്റു പുഴ ഗവ. ആശുപത്രിയിൽ എത്തിച്ച് മുറിവിന് ചുറ്റും എടുക്കുന്ന ഇ.ആർ.ഐ.ജി വാക്സിനും എടുത്തു. സ്കൂൾ പരിസര പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. ഇതിനെതിരെ സ്കൂൾ അധികൃതർ മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിന് പരാതി നൽകിയിട്ടുണ്ട്.