കോതമംഗലം: കോതമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് പുതിയ മുഖച്ഛായ നൽകി ആധുനിക ബസ് ടെർമിനൽ. എം.എൽ.എ.യുടെ ഫണ്ടിൽ നിന്ന് 2.34 കോടി രൂപ ചെലവഴിച്ചാണ് മനോഹരമായ ടെർമിനൽ
നിർമ്മിച്ചത്. രണ്ട് നിലയുള്ള മന്ദിരമാണ് പുതിയ ടെർമിനൽ. താഴത്തെ നിലയിൽ യാത്രക്കാർക്കായി ശീതീകരിച്ച വെയിറ്റിംഗ് റൂമും സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസും എൻക്വയറി കൗണ്ടറുമുണ്ട്. ജീവനക്കാരായ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം വിശ്രമമുറികളുണ്ട്. ഫീഡിംഗ് റൂം ആണ് മറ്റൊരു പ്രത്യേകത. യൂണിറ്റ് ഓഫിസ്, മിനി കോൺഫറൻസ് ഹാൾ, ടിക്കറ്റ് ക്യാഷ് കൗണ്ടർ, സ്റ്റോർ, ശുചിമുറികൾ എന്നിവയാണ് ഒന്നാം നിലയിലുള്ളത്.
ബസുകളുടെ സമയക്രമവും മറ്റ് അറിയിപ്പുകളും പ്രദർശിപ്പിക്കുന്നതിനുള്ള എൽ.ഇ.ഡി ഡിസ്‌പ്ലേ യാത്രക്കാർക്ക് ഏറെ പ്രയോജനപ്രദമാകും. ഒരേ സമയം എട്ട് ബസുകൾക്ക് ടെർമിനലിൽ പാർക്ക് ചെയ്യാം. വിവിധ റൂട്ടുകളിലേക്കുള്ള ബസുകൾക്കായി പ്ലാറ്റ് ഫോം പ്രത്യേകം നിശ്ചയിച്ച് ബോർഡ് സ്ഥാപിച്ചിട്ടുള്ളതും ഗുണകരം. വിഭാവനം ചെയ്തിരിക്കുന്നത് ഗ്രീൻ ടെർമിനലായി.
ടെർമിനലിലെ കമ്പ്യൂട്ടറുകളും ഫർണീച്ചറുകളും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ പുറമേ നിന്നുള്ള സഹായങ്ങളും ലഭ്യമായി. ക്ലബുകൾ, ആരാധനാലയങ്ങൾ, വിവിധ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, വിവിധ സംഘടനകൾ, വ്യക്തികൾ എന്നിവരെല്ലാം സഹായം നൽകി.
നാലര പതിറ്റാണ്ടിന്റെ പാരമ്പര്യമാണ് കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് ഉള്ളത്. ചരിത്രത്തിൽ ഇവിടെയുണ്ടായിട്ടുള്ള ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ നടന്നിട്ടുള്ളത്. സഹകരിച്ച എല്ലാവരോടും നന്ദിയുണ്ട്.
ആന്റണി ജോൺ
എം.എൽ.എ
പുതിയ ബസ് ടെർമിനൽ ഇന്ന് നാടിന് സമർപ്പിക്കും. വൈകുന്നേരം നാലിന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ടെർമിനൽ ഉദ്ഘാടനം ചെയ്യും. ആന്റണി ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.