കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി വിധി വന്നതോടെ മുനമ്പം നിവാസികൾ ആഘോഷത്തിരയിലായി. ഒരു വർഷത്തിലേറെയായി സമരം നടക്കുന്ന വേളാങ്കണ്ണി പള്ളി മുറ്റത്തേക്ക് അവരെത്തി. പാർലമെന്റിൽ വഖഫ് ഭേദഗതി നിയമം പാസായപ്പോഴും ഇതേ സന്തോഷം ഇവിടെ അലതല്ലിയതാണ്.
ടൂറിസ്റ്റു കേന്ദ്രമായ ചെറായി ബീച്ച് ഉൾപ്പെടുന്ന കടലോരമാണ് വിവാദഭൂമി. 614 കുടുംബങ്ങളിൽ ഒരാൾ മാത്രമാണ് മുസ്ലിം സമുദായാംഗം. നാനൂറിലധികം കുടുംബങ്ങൾ ലത്തീൻ കത്തോലിക്കരും 80ഓളം ഈഴവരും ബാക്കി കുടുംബി, ധീവര, പട്ടികജാതി വിഭാഗക്കാരുമാണ്.
വഖഫ് ഭൂമിയായി പ്രഖ്യാപിച്ച് കൊച്ചി തഹസിൽദാർക്ക് വഖഫ് ബോർഡ് കത്തു നൽകിയപ്പോഴാണ് 2022 മുതൽ ഭൂനികുതി സ്വീകരിക്കാതായത്. ഹൈക്കോടതി സിംഗിൾബെഞ്ച് കരം സ്വീകരിക്കാൻ വിധിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് സ്റ്റേചെയ്തു. കരം മുടങ്ങിയതിനാൽ ഭൂമി പണയംവയ്‌ക്കാനോ കെട്ടിടം പണിയാനോ സാധിക്കില്ല. വിദ്യാഭ്യാസ, ചികിത്സ, തൊഴിൽ, വിവാഹ ആവശ്യങ്ങൾക്ക് പണയം വയ്‌ക്കാനാകാത്തതോടെ നിരവധിപേർ പ്രതിസന്ധിയിലായി.
മുനമ്പം നാൾവഴി
1902: അബ്ദുൾ സത്താർ ഹാജി മൂസാസേട്ടിന് തിരുവിതാംകൂർ മഹാരാജാവ് മുനമ്പത്തെ 404 ഏക്കർ 75 സെന്റ് ഭൂമി കൃഷിക്കായി പാട്ടത്തിനുനൽകി
1948: സേട്ടിന്റെ മരണശേഷം മകളുടെ മകന്റെ മകൾ ജുംബുഭായ് മുഹമ്മദ് സിദ്ദിഖ് സേട്ടിന് തീറുനൽകി
1950: സിദ്ദിഖ് സേട്ട് കോഴിക്കോട് ഫാറൂഖ് കോളേജിന് ഭൂമി വഖഫ് ദാനമായി നൽകി. കോളേജിന്റെ ആവശ്യത്തിന് വിൽക്കാമെന്നും കോളേജ് ഇല്ലാതായാൽ ശേഷിക്കുന്ന ഭൂമി കുടുംബത്തിന് തിരികെ നൽകണമെന്നും വ്യവസ്ഥ. വഖഫിൽ ക്രയവിക്രയമടക്കം നിഷിദ്ധമാണ്
1975: കോളേജിന്റെ അവകാശം അംഗീകരിച്ച് ഹൈക്കോടതി വിധി
1987: കോളേജും താമസക്കാരും തമ്മിൽ ഒത്തുതീർപ്പ്. കടലെടുത്തുപോയതിൽ ശേഷിക്കുന്ന 114 ഏക്കർ സ്ഥലം താമസക്കാർ തീറുവാങ്ങി. മൊത്തം 33 ലക്ഷത്തിന്റെ ഇടപാട്
2008: വഖഫ് ഭൂമി സംരക്ഷണവേദി ഭൂമിക്കുമേൽ അവകാശമുന്നയിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കാൻ വി.എസ് സർക്കാർ എം.എ.നിസാർ കമ്മിഷനെ നിയോഗിച്ചു
2010: വഖഫ് ഭൂമിയാണെന്ന് കമ്മിഷൻ റിപ്പോർട്ട്. ഭൂമിവിറ്റ ഫാറൂഖ് കോളേജിനെതിരെ നടപടിക്കും ശുപാർശ
2019: വഖഫ് ബോർഡ് മുനമ്പംഭൂമി വഖഫ് വസ്തുവായി രജിസ്റ്റർ ചെയ്തു
2022: 614 കുടുംബങ്ങളുടെയും കരമടയ്ക്കൽ മുടങ്ങി
2024: വഖഫ് നിയമത്തിൽ കാതലായ പരിഷ്കാരങ്ങളുമായി ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി