
ഫോർട്ട് കൊച്ചി: ഫോർട്ട് കൊച്ചി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ 15 ലക്ഷം പാസാക്കി കൊച്ചി കോർപ്പറേഷൻ കൗൺസിൽ. 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കൗൺസിലിന്റെ ഭരണാനുമതിയും ലഭിച്ചു. സങ്കേതിക അനുമതി കിട്ടിയാലുടൻ അംഗീകൃത കരാറുകാർക്ക് കരാർ നൽകുമെന്നും ഉടൻ പണി തുടങ്ങുമെന്നും അധികാരികൾ അറിയിച്ചു. ഫോർട്ട്കൊച്ചി ബസ് സ്റ്റാൻഡിന്റെ അവസ്ഥയെക്കുറിച്ച് കേരള കൗമുദി കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. തുടർന്ന് ആം ആദ്മി സെക്രട്ടറി ഷക്കീർ അലി നൽകിയ പരാതിക്ക് കോർപ്പറേഷൻ അസി. എക്സിക്യൂട്ടീവ് എൻജിനിയറാണ് മറുപടി നൽകിയത്. ടോയ്‌ലെറ്റ്, വെളിച്ചം, ഇരിപ്പിടം തുടങ്ങി നിരവധി കാര്യങ്ങൾക്കായാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
സീസൺ തുടങ്ങും മുമ്പ് വേണം ക്ലീനിംഗ്!
സീസൺ തുടങ്ങുന്നതോടെ പൈതൃക നഗരികളായ ഫോർട്ട് കൊച്ചി - മട്ടാഞ്ചേരിയിലേക്ക് വിദേശ-സ്വദേശ സഞ്ചാരികളുടെ ഒഴുക്കായിരിക്കും. ഡിസംബറിൽ ബിനാലെ തുടങ്ങുന്നതും സഞ്ചാരികളുടെ എണ്ണം വർദ്ധിപ്പിക്കും. ബീച്ചിലേക്കുള്ള നടപ്പാതകളും ഇരിപ്പിടങ്ങളും സാമൂഹ്യ വിരുദ്ധർ തകർത്തിരിക്കുകയാണ്. കൂടാതെ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും ശല്യം വർദ്ധിച്ചു. ബീച്ച് വൃത്തിയാക്കൽ പേരിന് മാത്രമാണ് നടക്കുന്നത്. സ്ഥിരമായി ഇവിടെ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ അധികാരികൾ സത്വര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പറയുന്നു