വൈപ്പിൻ: മുനമ്പം ഭൂമി സംബന്ധിച്ച ഹൈക്കോടതി വിധി സർക്കാർ നിലപാടുകൾക്കുള്ള അംഗീകാരമെന്ന് കെ. എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. 600 ഓളം കുടുംബങ്ങളെ വഴിയാധാരമാക്കാതിരിക്കാൻ തുടക്കം മുതൽ സ്വീകരിച്ച നിലപാടുകളും ജസ്റ്റിസ് രാമചന്ദ്രനെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിച്ചതും മുനമ്പത്തെ ജനങ്ങളോടൊപ്പമാണ് സർക്കാർ എന്ന് വ്യക്തമാക്കാനായിരുന്നു.
കരം സ്വീകരിക്കുന്നതിനെതിരെ വഖഫ് ബോർഡ് നോട്ടീസ് അയക്കുകയും തുടർന്ന് വില്ലേജ് ഓഫീസ് കരം സ്വീകരിക്കുന്നത് നിറുത്തിവയ്ക്കുകയും ചെയ്തു. ഇതേത്തുടർന്ന് തന്റെ ആവശ്യപ്രകാരം റവന്യൂ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിലാണ് കരം സ്വീകരിക്കാൻ നിർദ്ദേശം നൽകിയത്. ഇതിനെതിരെയാണ് ചിലർ ഹൈക്കോടതിയിൽ പോയത്. തത്പരകക്ഷികൾ നടത്തിയ ശ്രമങ്ങൾക്കുള്ള തിരിച്ചടിയാണ് കോടതി വിധിയെന്നും എം.എൽ.എ വ്യക്തമാക്കി.