കെ.കെ.രത്‌നൻ
വൈപ്പിൻ: എടവനക്കാട് ഗ്രാമപഞ്ചായത്തിൽ തീരദേശ പരിപാലന നിയമത്തിലെ നിയന്ത്രണങ്ങൾമൂലം വീട് നിർമ്മാണത്തിനും പുനർ നിർമ്മാണത്തിനും അനുമതി നിഷേധിക്കപ്പെട്ടവർക്ക് ആശ്വാസം. വീട് നിർമ്മാണത്തിനും പുനർനിർമ്മാണത്തിനുമുള്ള അനുമതിയായി. എടവനക്കാട് ജനകീയ സമരസമിതിയുടെ വർഷങ്ങൾ നീണ്ടുനിന്ന പോരാട്ടങ്ങളുടെയും ഒടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഒന്നരദിവസത്തെ സമരത്തിന്റെയും ഫലമായാണ് വ്യാഴാഴ്ച കളക്ടറേറ്റിൽ നടന്ന ചർച്ചയിലെ തീരുമാന പ്രകാരം പഞ്ചായത്തിൽ നിന്ന് നിർമ്മാണ പ്രവൃത്തികൾക്ക് പെർമിറ്റ് നൽകാൻ ധാരണയായത്.
നിർമ്മാണത്തിന് അനുമതി ലഭിക്കുമെങ്കിലും ദുരിതബാധിതരുടെ മറ്റ് പ്രശ്‌നങ്ങൾക്ക് പരിഹാരമായിട്ടില്ല.
സി.ആർ.ഇസഡ് 3 ബി വിഭാഗത്തിലാണ് എടവനക്കാട് ഗ്രാമപഞ്ചായത്ത്. സി.ആർ.ഇസഡ് മാപ്പിൽ മഞ്ഞനിറത്തിലാണ് എടവനക്കാടിനെ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ വികസന നിരോധന മേഖലയായി നിശ്ചയിക്കപ്പെട്ട ഈ മേഖലയിലെ വസ്തു ഈടായി സ്വീകരിച്ച് വായ്പ നൽകുവാൻ ബാങ്കുകൾ തയ്യാറല്ല. ഈ മേഖലയിൽ താമസിക്കുന്നവർക്ക് വാഹന വായ്പ ലഭിക്കുന്നതിന് പോലും തടസമുണ്ട്.
വായ്പ ലഭിക്കാത്ത സാഹചര്യത്തിൽ വീട് നിർമ്മാണത്തിനും പുനർ നിർമ്മാണത്തിനും അനുമതി ലഭിക്കുന്നവർ പണം കണ്ടെത്താൻ ക്ലേശിക്കേണ്ടി വരും. ഇതോടെ കൂടിയ നിരക്കിൽ പലിശ ഈടാക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാകും. ഇതൊഴിവാക്കാൻ നാട്ടിലെ സഹകരണ ബാങ്ക് വായ്പ നൽകാൻ തയ്യാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വീട് നിർമ്മിക്കുന്നതിനായുള്ള നിയന്ത്രണത്തിൽ 2019 ജനുവരിയിൽ കേന്ദ്ര സർക്കാരും 2024 ഡിസംബറിൽ സംസ്ഥാന സർക്കാരും പ്രഖ്യാപിച്ച ഇളവുകൾ നടപ്പിലാക്കാൻ തയ്യാറാകാത്ത എടവനക്കാട് പഞ്ചായത്ത് അധികൃതർ ഇക്കാര്യത്തിലെങ്കിലും മുൻകൈ എടുക്കണമെന്ന് പ്രദേശവാസികൾ.
പ്രസിഡന്റിന് ആദരവ്
തീരദേശ പരിപാലന നിയമത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഇളവുകൾ പ്രാബല്യത്തിൽ വരുത്തുവാൻ ഉദ്യോഗസ്ഥർ തടസം നിൽക്കുന്നതിൽ പ്രതിഷേധിച്ച് പ്രസിഡന്റിന്റെ ചേംബറിൽ തന്നെ സത്യഗ്രഹം നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൾ സലാമിനെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആദരിച്ചു.
സമരസമിതിയിടെ ആഹ്ലാദം പിന്നീട്
പ്രശ്‌നപരിഹാരത്തിനായി നിരന്തരം സമരങ്ങൾ നടത്തിയ ജനകീയ സമരസമിതി ഇപ്പോൾ ആഹ്ലാദം പ്രകടിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കി. വീട് നിർമ്മാണത്തിനുള്ള ആദ്യത്തെ പെർമിറ്റ് ലഭിച്ചതിനു ശേഷം വിജയാഹ്ലാദം പ്രകടിപ്പിക്കാനാണ് തീരുമാനം.