കൊച്ചി: കരുവേലിപ്പടി താലൂക്ക് ആശുപത്രിയിൽ ശിശുരോഗ വിദഗ്ദ്ധന്റെ സ്ഥിരംതസ്തിക അനുവദിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് സർക്കാരിൽനിന്ന് റിപ്പോർട്ട് തേടി.

കൊച്ചി പ്രദേശത്തെ പ്രധാനപ്പെട്ട താലൂക്ക് ആശുപത്രിയായ ഇവിടെ കുട്ടികളുടെ ഡോക്ടർ ഇല്ലാത്തതിനാൽ സാധാരണക്കാർക്ക് സ്വകാര്യ ആശുപത്രികളിൽ വൻതുക നൽകി ചികിത്സിക്കേണ്ട സാഹചര്യമാണുള്ളതെന്ന പരാതിയിലാണ് നടപടി.

സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറും എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറും വിഷയം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ആവശ്യപ്പെട്ടു. മാസങ്ങളായി ശിശുരോഗ വിദഗ്ദ്ധന്റെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് പൊതുപ്രവർത്തകൻ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിൽ പറയുന്നു.