കൊച്ചി: ബോംബ് ഭീഷണിയെ തുടർന്ന് എറണാകുളം ജില്ലാകോടതി സമുച്ചയത്തിലെ കോടതികളുടെ പ്രവർത്തനം രണ്ട് മണിക്കൂറിലേറെ തടസപ്പെട്ടു. കേരള പൊലീസിന്റെ സൈബർസുരക്ഷാ കോൺഫറൻസ് കൊച്ചിയിൽ നടക്കുന്നതിനിടെയുണ്ടായ ഭീഷണി പൊലീസിനെയും വലച്ചു.
ജില്ലാ കോടതിയുടെ ഔദ്യോഗിക മെയിലിൽ ഇന്നലെ പുലർച്ചെ 4.43നാണ് കോടതിയിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും സന്ദേശമെത്തിയത്. ‘ജയലാലിതദവിദിയ@ഹോട്ട്മെയിൽ’ എന്ന ഇ മെയിൽ മേൽവിലാസത്തിൽ നിന്നാണ് സന്ദേശം വന്നത്. ഉച്ചയ്ക്ക് സന്ദേശം ശ്രദ്ധയിൽപ്പെട്ടയുടൻ ജില്ലാ ജഡ്ജിയുടെ ഓഫിസ് എറണാകുളം സെൻട്രൽ അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണർ സിബി ടോമിനെ അറിയിച്ചു. തുടർന്ന് സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം രണ്ട് മണിക്കൂർ കോടതി കെട്ടിടം അരിച്ചുപെറുക്കിയെങ്കിലും ‘ബോംബ്’കിട്ടിയില്ല. സിറ്റി പൊലീസിന്റെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും പങ്കെടുത്തു.
അഭിഭാഷകരെയും ജീവനക്കാരെയും കക്ഷികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയാണ് പരിശോധന നടത്തിയത്. സ്ഫോടന സാദ്ധ്യതയില്ലെന്ന് ജില്ലാജഡ്ജിയെ പൊലീസ് അറിയിച്ചശേഷം വൈകിട്ട് മൂന്നിന് കോടതികളുടെ പ്രവർത്തനം പുനരാരംഭിച്ചു. കഴിഞ്ഞമാസം പറവൂർ കോടതിക്കും ബോംബ് ഭീഷണി ഉയർന്നിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.