കൊച്ചി: ഹൈക്കോടതി ജീവനക്കാരിയുടെ സ്വർണവും പണവും സ്വകാര്യ ബസ് യാത്രക്കിടെ കവർന്നു. തൃപ്പൂണിത്തുറ നടക്കാവ് സ്വദേശി ജയശ്രീയുടെ സ്വർണക്കമ്മലും 500 രൂപയുമാണ് ലേഡീസ് ബാഗിൽ നിന്ന് മോഷണം പോയത്.
ഹൈക്കോടതി ജഡ്ജിയുടെ പ്രൈവറ്റ് സെക്രട്ടറിയായ ജയശ്രീ പച്ചാളം ഷൺമുഖം ജംഗ്ഷനിൽ നിന്ന് രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു സംഭവം.
‘സെന്റ് ജോൺ’എന്ന സ്വകാര്യ ബസിലാണ് കയറിയത്. ബസിന്റെ മുൻഭാഗത്ത് ജയശ്രീ നിന്ന് യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ അയ്യപ്പൻകാവിൽ നിന്ന് കയറിയ നാടോടി സ്ത്രീകൾ തിരക്കുമുണ്ടാക്കിയാണ് കവർച്ച നടത്തിയതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീകൾ പിന്നീട് കച്ചേരിപ്പടിയിലിറങ്ങി.
ഹൈക്കോടതി ജംഗ്ഷനിൽ എത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയിൽപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകിയത്.