പറവൂർ: നൂറ് വർഷത്തിലധികം പഴക്കമുള്ള ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പാലാതുരുത്തിലുള്ള പൊതുശ്മശാനം വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിൽ നവീകരിച്ച് പ്രവർത്തനം തുടങ്ങി. 2017ൽ എം.പി ഫണ്ട് ഉപയോഗിച്ചാണ് ഇവിടെ ഗ്യാസ് ക്രിമറ്റോറിയം നിർമ്മിച്ചത്. സമീപവാസിയായ കുളങ്ങര കെ.കെ. ഷംസുവിന്റെ പരാതിയിൽ 2021 ജില്ലാ കളക്ടർ ശ്മശാനത്തിന്റെ പ്രവർത്തനം തടഞ്ഞു. ഇതിനെതിരെ ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് നൽകിയ ഹർജിയിൽ കഴിഞ്ഞ ജൂണിൽ പ്രവർത്തനം വിലക്കിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിയമങ്ങളും ചട്ടങ്ങളും വേണ്ടവിധം പരിശോധിക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നും ആറ് ആഴ്ചയ്ക്കകം ഉചിതമായ തീരുമാനമെടുക്കണമെന്നും കളക്ടറോട് കോടതി ആവശ്യപ്പെട്ടിരുന്നു.
വ്യവസ്ഥകൾ പാലിച്ചിരുന്നു
ഗ്യാസ് ക്രിമറ്റോറിയം പ്രവർത്തിപ്പിക്കുന്നതിന് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ എൻ.ഒ.സി ലഭിച്ചിട്ടുണ്ട്.
ഫയർ ആൻഡ് റെസ്‌ക്യൂവിന്റെ നിർദ്ദേശങ്ങളും പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്.
ശ്മശാനത്തിന്റെ നാൾവഴി
2016ൽ ഡോ. സെബാസ്റ്റ്യൻ പോൾ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ മുടക്കി ഗ്യാസ് ക്രിമറ്റോറിയം നിർമ്മിച്ചു.
2017 ഒക്ടോബർ 27ന് അന്നത്തെ മന്ത്റി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു.
2019ൽ കെ.കെ. ഷംസു ശ്മശാനത്തിന്റെ പ്രവർത്തനം തടയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നൽകി.
2021 ഒക്ടോബർ 11ന് പ്രവർത്തനം തടഞ്ഞുകൊണ്ട് കളക്ടർ ഉത്തരവിട്ടു.
2025 ജൂണിൽ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
പാലാതുരുത്തിലെ ശ്മശാനം 1967ൽ കേരള പഞ്ചായത്ത് രാജ് (ശവങ്ങൾ മറവു ചെയ്യലും ദഹിപ്പിക്കലും) ചട്ടങ്ങൾ നിലവിൽ വരുന്നതിനും വളരെ മുമ്പേ പ്രവർത്തിച്ചിരുന്നു. അതിനാൽ പ്രത്യേകമായി ലൈസൻസ് നേടേണ്ടതില്ലെന്ന് ഹൈക്കോടതി ഉത്തരവ്.
-----------------------