പെരുമ്പാവൂർ: കൂവപ്പടി സ്വദേശി പി.പി. പ്രദീപിന്റെ ചിത്രപ്രദർശനം മുംബൈയിലെ ജഹാംഗിർ ആർട്ട് ഗ്യാലറിയിൽ 13ന് ആരംഭിക്കും. ചിത്രകാരൻ ടി.വി. സന്തോഷ് ഉദ്ഘാടനം ചെയ്യുന്ന പ്രദർശനം 19 ന് സമാപിക്കും. ബെറ്റ്വീൻ ഇൻഫിനിറ്റി ആൻഡ് ലിറ്റിൽ ഡ്രീംസ് എന്ന് നാമകരണം ചെയ്തിട്ടുള്ള ചിത്രപ്രദർശനത്തിൽ പ്രദീപിന്റെ ഓയിൽ പെയിന്റ്, വാട്ടർ കളർ, അക്രിലിക് കളർ ചിത്രങ്ങളാണുള്ളത്. രണ്ട് വ്യത്യസ്ത സീരീസിലുള്ള ചെറുതും വലുതുമായ നാല്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിനായെത്തുന്നത്.
കൂവപ്പടി ഗണപതി വിലാസം ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രദീപ് പെരുമ്പാവൂരിലെ ചിത്രാലയ സ്കൂൾ ഒഫ് ആർട്ട്സിൽ നിന്ന് ഡിപ്ലോമ നേടി. തുടർന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിന്ന് ബി.എഫ്.എയിൽ ഒന്നാം റാങ്കും കരസ്ഥമാക്കി. മുംബൈയിലെ ജെ.ജെ. സ്കൂൾ ഒഫ് ആർട്സിൽ നിന്ന് എം.എഫ്.എയും പൂർത്തീകരിച്ചു. ആ വർഷം തന്നെ കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു. ഈ കഴിഞ്ഞ മാർച്ചിൽ ആംസ്റ്റർഡാമിലെ സൗത്ത് ഏഷ്യൻ കണ്ടമ്പററി ആർട്ട് ഗ്യാലറിയിൽ മാപ്പിംഗ് ദി ഇൻവിസിബിൾ എന്ന പേരിൽ ഏകാംഗപ്രദർശനം നടത്തിയിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചർ റിലേഷൻ ഡാർജിലിംഗിൽ നടത്തിയ ഇന്ത്യ - ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ റെസിഡൻസി പ്രോഗ്രാമിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഇപ്പോൾ മുംബൈയിലെ വീരാറിലാണ് താമസം. ഭാര്യ: ദിവ്യ. മകൻ: പാർത്ഥൻ.