കൊച്ചി: ബംഗളൂരു റൂട്ടിൽ ഓടുന്ന ബസുകൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് ഈ റൂട്ടിൽ സർവീസ് നടത്താൻ മടിച്ച് ബസ് തൊഴിലാളികൾ. വാളയാർവഴി സർവീസ് നടത്തുന്ന അന്തർ സംസ്ഥാന ബസുകളെയും ജീവനക്കാരെയും മർദ്ദിക്കുന്നതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച ജീവനക്കാർ പണിമുടക്കി.

കോയമ്പത്തൂരിൽ നിന്നുള്ള ബസുകൾ സാധാരണ ദിവസങ്ങളിൽ കൊച്ചിയിൽ നിന്നുൾപ്പെടെ സർവീസ് നടത്തുന്ന കേരള ബസുകളേക്കാൾ നിരക്ക് കുറയ്ക്കും. ഇതോടെ യാത്രക്കാർ ഇത്തരം അന്യ സംസ്ഥാന ബസുകളിലേക്ക് മാറും. എന്നാൽ ആളുകളെത്തുമെന്ന് ഉറപ്പുള്ള വിശേഷാൽ ദിവസങ്ങളിൽ വൻതോതിൽ നിരക്ക് ഉയർത്തുകയും ചെയ്യും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇത്തരം ബസുകളുടെ നടപടി കേരളത്തിൽ നിന്നുള്ള ബസ് ഉടമകൾ ചോദ്യംചെയ്തിരുന്നു. ബസുകൾ തടയുകയും ചെയ്തിരുന്നു. ഇതിന്റെ അടുത്തദിവസം വാളയാർ വഴി സർവീസ് നടത്തിയ കേരളത്തിൽനിന്നുള്ള ബസുകൾ കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപ്പാസിൽ തടഞ്ഞ് ബസ് ജീവനക്കാരെ കർണാടക, തമിഴ്‌നാട് സ്വദേശികൾ മർദ്ദിച്ചു. കേരളത്തിൽ നിന്നുള്ള ഒരു ഡ്രൈവർക്കുൾപ്പെടെ പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി കോയമ്പത്തൂർ ടൗണിൽവച്ച് ചെന്നൈയിലേക്ക് പോയ വാഹനം ഗുണ്ടകളുടെ നേതൃത്വത്തിൽ പിടിച്ചുകൊണ്ടുപോയി മണിക്കൂറുകളോളം തടഞ്ഞു നിറുത്തുകയും ചെയ്തിരുന്നു.

ഇതേത്തുടർന്നാണ് പണിമുടക്കുന്നതെന്ന് ഡ്രൈവേഴ്‌സ് യൂണിയൻ ഉടമകളെ അറിയിച്ചു. വാളയാർ വഴി കേരളത്തിലേക്കും കേരളത്തിൽനിന്ന് വാളയാറിലേക്കുമുള്ള ബസുകളുമാണ് പണിമുടക്കിയത്.


ബസുകൾ പെട്ടെന്ന് റദ്ദാക്കിയതിനാൽ മറ്റ് ബസുകൾ തേടേണ്ടിവന്നു. ഇത് ഏറെ ബുദ്ധിമുട്ടുണ്ടാക്കി.
ശ്രീജിത് ഉപേന്ദ്രൻ,
യാത്രക്കാരൻ

കേരളത്തിൽ നിന്നുള്ള ബസ് ജീവനക്കാർക്ക് ജീവഭയമില്ലാതെ ജോലിചെയ്യാൻ സാധിക്കണം
ജിജോ,
ബസ് ജീവനക്കാരൻ