ഫോർട്ടുകൊച്ചി: ഇ.എസ്.ഐ ആശുപത്രി വളപ്പിൽ പഴകിയ മരുന്നുകൾ ഉൾപ്പെടെ കൂട്ടിയിട്ട് കത്തിച്ചത് പ്രദേശവാസികൾക്ക് ദുരിതമായി. വ്യാഴാഴ്ച രാത്രിയാണ് ആശുപത്രി വളപ്പിൽ മരുന്നുകൾ ഉൾപ്പെടെ കൂട്ടിയിട്ട് കത്തിച്ചത്.
അഞ്ചുമണിക്ക് അധികൃതർ ആശുപത്രി പൂട്ടിപ്പോയതിനുശേഷം രാത്രി ഒമ്പത് മണിയോടെ രൂക്ഷഗന്ധത്തോടെ പുക ഉയരുകയും പ്രദേശവാസികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും രോഗികളും ഉൾപ്പെടെ പ്രയാസത്തിലായതോടെ നാട്ടുകാർ കൗൺസിലർ ആന്റണി കുരീത്തറയെ അറിയിച്ചു. തുടർന്ന് മട്ടാഞ്ചേരി അഗ്നിരക്ഷാസേനയെത്തി തീയണച്ചതോടെയാണ് ദുരിതത്തിന് അറുതിയായത്. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് പരാതി നൽകുമെന്ന് ആന്റണി കുരീത്തറ പറഞ്ഞു.