
വൈപ്പിൻ : കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി ഞാറക്കൽ മാർക്കറ്റ് നവീകരണത്തിന്റെ പണി പുരോഗമിക്കുന്നതിനിടയിൽ പ്രദേശത്തെ പൈപ്പുകൾ പൊട്ടി കുടിവെള്ളം മുടങ്ങിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പണി തടഞ്ഞു. പ്രദേശത്തുള്ളവർ രാവിലെ മുതൽ പ്രതിഷേധവുമായി പദ്ധതി പ്രദേശത്ത് തമ്പടിച്ചു. തുടർന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ. പി. ലാലു, ടിറ്റോ ആന്റണി, വാർഡ് മെമ്പർ ആശ ടോണി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൗമ്യ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പണി നിറുത്തിവയ്പ്പിക്കുകയായിരുന്നു.
തുടർന്ന് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജി. എം.രാജുമായി നടത്തിയ ചർച്ചയിൽ കുടിവെള്ള പൈപ്പിന്റ പണി പഞ്ചായത്ത് ചെലവിൽ പണിത് തരാമെന്നുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.