കൊച്ചി: 61ാമത് സംസ്ഥാന സീനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട് വേദിയാവും. ഒക്ടോബർ 14നാണ് കിക്കോഫ്. 21വരെയാണ് നോക്കൗട്ട് അടിസ്ഥാനത്തിൽ ചാമ്പ്യൻഷിപ്പ് നടക്കുക. കേരള ഫുട്‌ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ ഫുട്ബാൾ അസോസിയേഷനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കൊച്ചി സീനിയർ ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കുന്നത്. 14ന് രാവിലെ 7.30ന് ഉദ്ഘാടന മത്സരത്തിൽ വയനാടിനെ കാസർകോട് നേരിടും.

വൈകിട്ട് 3.45ന് മലപ്പുറം - പത്തനംതിട്ട മത്സരം. ദിവസവും രണ്ട് മത്സരങ്ങൾ വീതമാണുള്ളത്. ആദ്യറൗണ്ടിൽ ജയിക്കുന്ന ടീമുകൾ ക്വാർട്ടർ പ്രവേശനം നേടും. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ കോട്ടയം, തിരുവനന്തപുരം ടീമുകൾ നേരിട്ട് ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. 19, 20 തീയതികളിലാണ് സെമിഫൈനൽ, കലാശക്കളി 21ന് വൈകിട്ട് 3.45ന്. മത്സരങ്ങളെല്ലാം ഗോൾ മലയാളം യൂട്യൂബ് ചാനലിൽ തത്സമയം സംപ്രേക്ഷണം ചെയ്യും. 2026 ജനുവരിയിൽ നടക്കുന്ന സന്തോഷ് ട്രോഫിക്കുള്ള പരിശീലന ക്യാമ്പിലേക്ക് ഈ ടൂർണമെന്റിൽ നിന്നായിരിക്കും കളിക്കാരെ തിരഞ്ഞെടുക്കുക.

കാലിക്കറ്റ് എഫ്.സിയാണ് ടൂർണമെന്റിന്റെ ടൈറ്റിൽ സ്‌പോൺസർ. ഫോർസ കൊച്ചി അസോസിയേറ്റ് സ്‌പോൺസറാണ്. ഡ്രീംസ് എഫ്.സി കൊച്ചി, വി ഗാർഡ്, ഹൈ കോൺ എന്നിവരുടെ പിന്തുണയും ചാമ്പ്യൻഷിപ്പിനുണ്ട്. ചാമ്പ്യൻഷിപ്പിന്റെ വിജയകരമായ നടത്തിപ്പിനായി പി.വി ശ്രീനിജിൻ എം.എൽ.എ ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും, വിവിധ കമ്മിറ്റികളുടെ നേത്യത്വത്തിൽ മുന്നൊരുക്ക പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ സെക്രട്ടറി വിജു ചൂളയ്‌ക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.