കൊച്ചി: രാത്രികാല പരിശോധന നടത്തിക്കൊണ്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മദ്യലഹരിയിൽ ബൈക്കിടിച്ച് അപായപ്പെടുത്താനും കൈയേറ്റംചെയ്യാനും ശ്രമിച്ച യുവാവിനെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു, രാസലഹരിക്കേസിൽ 90 ദിവസം റിമാൻഡിൽ കഴിഞ്ഞ കാസർകോട് മൂളിയാർ എം.എ.ആർ മൻസിലിൽ സിറാജുദ്ദീനാണ് (28) പിടിയിലായത്.
വെള്ളിയാഴ്ച അർദ്ധരാത്രി ചാത്യാത്ത് റോഡിൽ ക്യൂൻസ് വോക്ക്‌വേയിലായിരുന്നു സംഭവം. ഇവിടെ രാത്രികാല പരിശോധന നടത്തുകയായിരുന്ന സെൻട്രൽ സ്റ്റേഷനിലെ സി.പി.ഒ ശ്യാംകുമാറിന് നേരെയായിരുന്നു അപായശ്രമം.
പൊലീസ് പറയുന്നത്: രാത്രി 12.30ന് അമിതവേഗതയിൽവന്ന കൊല്ലം രജിസ്ട്രേഷൻ ബൈക്കിന് പൊലീസുകാരൻ കൈകാട്ടിയെങ്കിലും സിറാജുദ്ദീൻ അമിതവേഗതയിൽ ബൈക്കുമായി നീങ്ങി. ഒഴിഞ്ഞുമാറിയതിനെ തുടർന്നാണ് ശ്യാംകുമാർ രക്ഷപ്പെട്ടത്. ഇതിനിടെ ബൈക്ക് നിറുത്തിയ സിറാജുദ്ദീനെ ആൽക്കോമീറ്റർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതോടെ അക്രമാസക്തനായി ശ്യാംകുമാറിനെ കൈയേറ്റംചെയ്തു.
പരിസരത്തുണ്ടായിരുന്ന സിറ്റി പൊലീസ് കമ്മിഷണറുടെ സ്ക്വാഡിലെ അംഗങ്ങളും എസ്.ഐ മുഹമ്മദ് മുബാറക്കും ചേർന്നാണ് കീഴ്പ്പെടുത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിനും പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനുമാണ് കേസ്. ബൈക്കും കസ്റ്റഡിയിലെടുത്തു.