pinky-boy
പിങ്കി ബോയി

കൊച്ചി: ഒളിഞ്ഞുനോക്കിയെന്ന പരാതിയിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായ സഹോദരൻ ജീവനൊടുക്കിയതിന് പ്രതികാരമായി പരാതി നൽകിയ അയൽവാസിയെ ആക്രമിച്ച കേസിലെ പ്രതിയെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തു, വടുതല ജെട്ടിറോഡ് കല്ലുവീട്ടിൽ പിങ്കി ബോയിയാണ് (40) പിടിയിലായത്. അയൽവാസി കൊല്ലംപറമ്പത്ത് വീട്ടിൽ ടോണിയെയാണ് (40) സെപ്തംബർ 10ന് രാത്രി വടുതല സെന്റ് പീറ്റേഴ്സ് ചർച്ച് റോഡിൽ കാറുകൾക്ക് ഇടയിൽ ഇരുമ്പ് വടിയുമായി ഒളിഞ്ഞിരുന്ന് ആക്രമിച്ചത്. കാലുകൾക്ക് സാരമായി പരുക്കേറ്റ ടോണി ദിവസങ്ങളോളം ചികിത്സയിലായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറഞ്ഞത്: പിങ്കി ബോയിയുടെ സഹോദരനും ഓൺലൈൻ ഭക്ഷ്യവിതരണക്കാരനുമായ പ്രസാദിനെ (34) കഴിഞ്ഞ മേയിലാണ് എളമക്കര പേരണ്ടൂർ പാലത്തിന് സമീപം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. മരണത്തിന് രണ്ട് ദിവസം മുമ്പ് അയൽവാസിയുടെ വീട്ടിൽ ഒളിഞ്ഞ് നോക്കിയതിനും മൊബൈൽഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർ‌ത്താൻ ശ്രമിച്ചതിനും പ്രസാദിനെ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സഹോദരൻ പിങ്കിക്കൊപ്പമാണ് പ്രസാദ് സ്റ്റേഷനിൽ ഹാജരായത്. യുവതിയെ ഹെൽമെറ്റുകൊണ്ട് തലയ്ക്കടിച്ച കേസിലെ പ്രതി കൂടിയായ പ്രസാദ് ആരുടെയും ശ്രദ്ധയിൽപ്പെടാതെ സ്റ്റേഷനിൽ നിന്നിറങ്ങിപ്പോയി. രണ്ട് ദിവസം കഴിഞ്ഞാണ് മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.

സഹോദരൻ മരിക്കാനിടയായത് ടോണിയുടെ പരാതി മൂലമാണെന്നും ഇതിന് പ്രതികാരം ചെയ്യുമെന്നും പിങ്കി ബോയി കൂട്ടുകാരോട് പറഞ്ഞിരുന്നു. സംഭവദിവസം രാത്രി 9.30ഓടെ ടോണി കടയിൽ പോകുന്നത് കണ്ട ഇയാൾ തലയ്ക്കടിച്ച് അപായപ്പെ‌ടുത്തണമെന്ന ഉദ്ദേശത്തോടെ ഇരുമ്പ് വടിയുമായി ഒളിഞ്ഞിരുന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ പ്രിൻസിപ്പൽ എസ്.ഐ എയിൻ ബാബു, പൊലീസ് ഉദ്യോഗസ്ഥരായ ബിനോജ്, വിബിൻ, അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.