കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ പ്രധാന വഴിപാടായ ശർക്കര കൈകാര്യം ചെയ്യുന്നതിലെ ക്രമക്കേട് സംബന്ധിച്ച ആരോപണത്തെ തുടർന്ന് വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്ഥാന വിജിലൻസിന്റെ എറണാകുളം യൂണിറ്റിൽ നിന്നുള്ള സംഘം രാവിലെ 9.30ന് ആരംഭിച്ച പരിശോധന വൈകിട്ട് ആറുവരെ നീണ്ടു. രേഖകളുടെയും രജിസ്റ്ററുകളുടെയും പകർപ്പുകളും ശേഖരിച്ചു. ഇൻസ്പെക്ടർ വിമലിന്റെ നേതൃത്വത്തിലായിരുന്നു നാലംഗ സംഘത്തിന്റെ പരിശോധന.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് ചോറ്റാനിക്കര ഭഗവതി ക്ഷേത്രം. മാസം മൂന്നുകോടിയോളം രൂപയാണ് വരുമാനം. ശർക്കര ഇടപാടുകളുടെ മുൻവർഷങ്ങളിലെ രേഖകൾ പരിശോധിച്ചതായാണ് സൂചന. സംസ്ഥാന വിജിലൻസ് ദേവസ്വം ക്ഷേത്രങ്ങളിൽ പരിശോധന നടത്തുന്നത് അപൂർവ്വമാണ്.

വശ്യകുങ്കുമം, വശ്യചന്ദനം തുടങ്ങിയ ചോറ്റാനിക്കര ക്ഷേത്രത്തിൽ ഇല്ലാത്ത പ്രസാദങ്ങളുടെ പേരിൽ മലേഷ്യ പോലുള്ള രാജ്യങ്ങളിൽ വലിയ തട്ടിപ്പ് നടക്കുന്ന കാര്യം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ദേവസ്വം ചോറ്റാനിക്കര പൊലീസിൽ പരാതി നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായിട്ടില്ല.

ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഏതാനും വർഷം മുമ്പ് ചോറ്റാനിക്കര ടെമ്പിൾ സിറ്റി നിർമ്മിക്കാനും ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിനുമായി 500 കോടിയുടെ സ്പോൺസർ പദ്ധതികളുമായി എത്തിയ ബംഗളൂരു സ്വദേശി ഗണശ്രാവണിന്റെ ഇടപെടലുകളെക്കുറിച്ചും സംസ്ഥാന പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും അറിയുന്നു.