കൊച്ചി: റോഡപകടത്തിൽ പരിക്കേറ്റ ദമ്പതികൾക്ക് തുണയായി ഹൈക്കോടതി ജഡ്ജി. പാലാരിവട്ടം മേൽപ്പാലത്തിൽ പരിക്കേറ്റ് കിടന്ന ദമ്പതികളെ ജസ്റ്റിസ് എം.ബി. സ്നേഹലത ഔദ്യോഗിക വാഹനത്തിൽ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇന്നലെ രാവിലെയാണ് തമ്മനം സ്വദേശികളായ ദമ്പതികൾ സ്കൂട്ടറിൽ യാത്ര ചെയ്യവേ ബസ് ഇടിച്ച് അപകടത്തിൽപ്പെട്ടത്. ഈ സമയം അതുവഴി വന്ന ജസ്റ്റിസ് സ്നേഹലത ഇരുവരെയും ഔദ്യോഗിക വാഹനത്തിൽ കയറ്റി പാലാരിവട്ടം മെഡിക്കൽ സെന്ററിലെത്തിച്ചു. ആവശ്യമായ വൈദ്യസഹായം നൽകാൻ നിർ‌ദ്ദേശിച്ചാണ് ജഡ്ജി മടങ്ങിയത്. സംഭവസമയത്ത് ആശുപത്രിയിലെത്തിയ പൊതുപ്രവർത്തകൻ പകർത്തിയ ദൃശ്യങ്ങളിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്.