
തൃപ്പൂണിത്തുറ: നാല് ദീർഘദൂര റോഡുകൾ ചേരുന്ന ഒരു വലിയ ജംഗ്ഷൻ. തകരാറില്ലാതെ പ്രവർത്തിക്കുന്ന സിഗ്നൽ സംവിധാനം. എന്നിട്ടും തൃപ്പുണിത്തുറ എസ്.എൻ ജംഗ്ഷനിൽ കുരുക്കൊഴിഞ്ഞ നേരമില്ല. വാഹനങ്ങൾക്ക് മാത്രമല്ല, കാൽനട യാത്ര പോലും ദുരിതമാണിവിടെ. അപകടങ്ങൾ നിത്യസംഭവമായിട്ടും നടപടിയില്ല. ആറു മാസത്തിനിടയിൽ ചെറുതും വലുതുമായി അമ്പതിലധികം അപകടങ്ങൾ നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 15 വലിയ അപകടങ്ങളുണ്ടായി. 3 പേർ ഈ കാലയളവിൽ അപകടത്തിൽ മരിച്ചു. പരിക്കേറ്റ് ചികിത്സയുടെ ദുരിതം പേറുന്നവർ ഡസനിലേറെ വരും.
ട്രാഫിക് നിയമ ലംഘനങ്ങൾക്കും കുറവില്ലെന്ന് വ്യാപാരികൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു. അമിതവേഗവും നിയന്ത്രണമില്ലാത്ത മറികടക്കലും യഥേഷ്ടമാണ്. സീബ്രാ ലൈനിൽ പോലും വാഹനം നിർത്താതെ ചീറിപ്പായുന്നതിനാൽ ജീവൻ പണയം വച്ചാണ് കുട്ടികൾ റോഡ് മുറിച്ച് കടക്കുന്നത്. രണ്ടു ദിവസം മുമ്പ് ജംഗ്ഷനിലെ ഫോട്ടോസ്റ്റാറ്റ് കട കാർ ഇടിച്ചു തകർത്തു. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
കുരുങ്ങുന്ന വഴി
വടക്കേക്കോട്ട മുതൽ എസ്.എൻ ജംഗ്ഷൻ മേൽപ്പാലം കഴിയുന്നതുവരെ ജനങ്ങൾ മണിക്കൂറുകളോളം ദുരിതമനുഭവിക്കണം. രാവിലെ ഏഴു മുതൽ ആരംഭിക്കുന്ന തിരക്ക് വൈകിട്ട് എട്ടു വരെ നീളും. തൊട്ടടുത്ത ഓഡിറ്റോറിയത്തിൽ പരിപാടികളുണ്ടെങ്കിൽ കുരുക്ക് മുറുകും.
ഇരുമ്പനം ഭാഗത്തുനിന്ന് മേൽപ്പാലം കടന്നുവരുന്ന വാഹനങ്ങൾക്ക് എസ്.എൻ ജംഗ്ഷനിൽ നിന്ന് എരൂർ റോഡിലേക്ക് തിരിയാൻ അനുവാദമില്ല. എസ്.എൻ ജംഗ്ഷനിൽ ഗ്രീൻ സിഗ്നൽ കിട്ടി മുന്നോട്ടു പോയാലും അലയൻസ് ജംഗ്ഷനിൽ സംസ്കൃത കോളേജിൽ നിന്ന് വരുന്ന ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കാരണം കുരുക്കിൽപ്പെടും. 100 മീറ്റർ മാറി വി.കെ.എം ഹോസ്പിറ്റലിന് സമീപം യൂ-ടേണിലും കുരുക്ക്.
എറണാകുളം വൈറ്റില ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ഏരൂർ റോഡിലേക്ക് തിരിയാൻ സൗകര്യമില്ല. 150 മീറ്ററോളം മുന്നോട്ടുപോയി ഇടവഴി ചാടി വേണം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ. വൈറ്റിലയിൽ നിന്നുള്ള വാഹനങ്ങൾ ആദ്യം പള്ളിക്കാവ് അമ്പലത്തിനു മുന്നിലും പിന്നീട് എരൂർ ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങൾ കാരണം അവിടെയുള്ള യു ടേണിലും കുരുക്കിൽപ്പെടും.
എസ്.എൻ ജംഗ്ഷനിൽ എരൂർ ഭാഗത്തേക്കുള്ള റോഡിന്റെ ഇരുവശത്തും ഫ്രീ ലെഫ്റ്റ് സൗകര്യമില്ല.
കിഴക്കേ കോട്ടയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് നേരിട്ട് ഇരുമ്പനത്തേക്കോ എരൂർക്കോ പ്രവേശിക്കുവാൻ അനുവാദമില്ല.
പരിഹാരമാർഗ്ഗങ്ങൾ
അലയൻസ് ജംഗ്ഷനിൽ തെക്കോട്ടും വടക്കോട്ടും വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുക.
എസ്. എൻ ജംഗ്ഷനിലെ സിഗ്നലിന് സമാന്തരമായി അലയൻസ് ജംഗ്ഷനിൽ ഒരു സമാന്തര സിഗ്നൽ സിസ്റ്റം കൂടി സ്ഥാപിക്കുക
ഇരുമ്പനത്ത് നിന്ന് വരുന്ന വാഹനങ്ങൾ ടേണുകൾ ഒഴിവാക്കി എരൂർ ഭാഗത്തേക്ക് എസ്. എൻ ജംഗ്ഷനിലുള്ള സിഗ്നലിൽ കൂടി കടത്തിവിടുക.
ജംഗ്ഷന്റെ വീതി കൂട്ടാനായി സ്ഥലം ഏറ്റെടുക്കുക.
സാങ്കേതികത്വം പറഞ്ഞ് പരിഹാരമാർഗങ്ങൾ മാറ്റിനിർത്താതിരുന്നാൽ എളുപ്പത്തിൽ ഇവിടെ യാത്രാദുരിതത്തിന് പരിഹാരം ഉണ്ടാകും. ജംഗ്ഷന് ശാപമോക്ഷം കിട്ടുകയും ചെയ്യും.
ആർ. നന്ദകുമാർ
എഡ്രാക് ജില്ലാ വൈസ് പ്രസിഡന്റ്