വൈപ്പിൻ: തീരദേശ പരിപാലന നിയമത്തിൽ വീട് നിർമ്മാണത്തിനുള്ള നിയന്ത്രണത്തിൽ 2019 ജനുവരിയിൽ കേന്ദ്രസർക്കാരും 2024 ഡിസംബറിൽ സംസ്ഥാന സർക്കാരും ഇളവുകൾ അനുവദിച്ച് ഉത്തരവിറക്കിയിട്ടും എടവനക്കാട് പഞ്ചായത്തിൽ ഇളവ് പ്രാബല്യത്തിലാക്കാതെ ഇതുവരെ നീട്ടിക്കൊണ്ടുപോയി സാധാരണക്കാരെ ദുരിതത്തിലാക്കിയ പഞ്ചായത്ത് പ്രസിഡന്റ് തനിക്ക് തെറ്റ് പറ്റിയതിൽ മാപ്പ് പറയണമെന്ന് എടവനക്കാട് സി.ആർ.ഇസഡ്. ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
നിരന്തരം സമരം നടത്തിയപ്പോഴൊക്കെ സമരക്കാർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇങ്ങനെ ഒരു ഇളവ് നിയമത്തിൽ ഇല്ലെന്നുമുള്ള നിലപാടിലായിരുന്നു പ്രസിഡന്റ്. കഴിഞ്ഞ ഓഗസ്റ്റ് 30ന് കൂടിയ പഞ്ചായത്ത് വികസന സമിതിയോഗത്തിൽ ഇളവിന്റെ കാര്യം താൻ വീണ്ടും സൂചിപ്പിച്ചപ്പോൾ 'നിങ്ങൾ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ്' പ്രസിഡന്റ് പ്രതികരിച്ചതെന്ന് ആക്ഷൻ കൗൺസിൽ പ്രസിഡന്റ്
ഇ.കെ. സലിഹരൻ പറഞ്ഞു. സർക്കാർ ഇളവുകൾ നേരത്തേ പ്രാബല്യത്തിലാക്കിയിരുന്നുവെങ്കിൽ എത്രയോ സാധാരണക്കാർക്ക് ഇതിനകം വീട് നിർമ്മിച്ച് താമസിക്കാമായിരുന്നു. എത്രയോ പേരെ ഇതിനകം ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്താമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.