
കൊച്ചി: നാലു വർഷ ബിരുദ പ്രോഗ്രാമുകൾ തുടങ്ങിയതോടെ സംസ്ഥാനത്തെ സർവകലാശാലകളോട് വിദേശ വിദ്യാർത്ഥികൾക്ക് പ്രിയമേറുന്നു. 2021 മുതൽ 2025 വരെ 764 വിദേശവിദ്യാർത്ഥികൾ കേരളത്തിലെ സർവകലാശാലകളിൽ ബിരുദ - ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമായെത്തി. അമേരിക്കയിൽ നിന്നുള്ള അഞ്ചു പേരും ഇതിലുണ്ട്.
കേരള സർവകലാശാലയിൽ 371, എം.ജിയിൽ 203, കുസാറ്റിൽ 56 എന്നിങ്ങനെയാണ് വിദ്യാർത്ഥികളുടെ വരവ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങളിലെ കുട്ടികൾക്കായുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പ്രത്യേക പദ്ധതി (ഐ.സി.സി.ആർ) പ്രകാരം 55, കാലിക്കറ്റ് സർവകലാശാലയിൽ 36, എ.പി.ജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 32 എന്നിങ്ങനെയും ചേർന്നു.
കേരളയിൽ 2021-22 അക്കാഡമിക് വർഷം 47 പേരാണ് പ്രവേശനം നേടിയതെങ്കിൽ ഇക്കുറി 98 പേരെത്തി. അഫ്ഗാനിസ്ഥാൻ, അങ്കോള, ബംഗ്ലാദേശ്, ബോട്‌സ്വാന, ബുറുണ്ടി, കാനഡ, ചാഡ്, കൊളംബിയ, ജിബൂട്ടി, എത്യോപ്യ, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, ജോർജിയ തുടങ്ങി 55 രാജ്യങ്ങളിലെ വിദ്യാർത്ഥികൾ കേരള സർവകലാശാലയിൽ വന്നു.
എം.ജി സർവകലാശാലയിൽ 35 രാജ്യങ്ങളിൽ നിന്നായി 203 പേരാണ് പഠിക്കുന്നത് -- 67 പേർ ഡിഗ്രിയും 110 പേർ പി.ജിയും, 23 പേർ പി.എച്ച്ഡിയും മൂന്ന് പേർ ഹ്രസ്വകാല ഗവേഷണവും. ശ്രീലങ്കയിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ എം.ജിയിലെത്തിയത് - 22.
കാലിക്കറ്റ് സർവകലാശാലയിൽ 2021-22 മുതൽ ഇതുവരെ അമേരിക്ക, അഫ്ഗാനിസ്ഥാൻ, നൈജീരിയ, ശ്രീലങ്ക, കാമറൂൺ തുടങ്ങി 10 രാജ്യങ്ങളിൽ നിന്നായി 36 പേർ ഉന്നത വിദ്യാഭ്യാസത്തിനെത്തി. ഗവേഷണത്തിനും മാനേജ്‌മെന്റ് പഠനത്തിനുമായി 13 പേരെത്തിയപ്പോൾ എം.ബി.എ പഠനത്തിന് അഞ്ച് പേരെത്തി.ജർമ്മനിയിലെ എഫർച്ച് സർവകലാശാലയുമായുള്ള ധാരണ പ്രകാരം മൂന്ന് വിദ്യാർത്ഥികൾ കണ്ണൂർ സർവകലാശാലയിൽ പ്രവേശനം നേടി.