
കൊച്ചി: ട്രെയിൻ യാത്രക്കാരിയിൽ നിന്ന് കവർന്ന മൊബൈൽ ഫോണിലെ ഗൂഗിൾ പേ ഉപയോഗിച്ച് പണം പിൻവലിച്ച മോഷ്ടാവിനെ എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. അസം തെങ്കബസ്തി സ്വദേശി നസിറുൾ ഹുസൈനാണ് (21) പിടിയിലായത്. ഹെെദരാബാദ്-കൊല്ലം സ്പെഷ്യൽ ട്രെയിനിലെ റിസർവേഷൻ കോച്ചിൽ സഞ്ചരിച്ച പറവൂർ മൂത്തകുന്നം തേക്കനാത്ത് വീട്ടിൽ പി.കെ. ഈശ്വരിയുടെ ഫോണാണ് കഴിഞ്ഞ ആറിന് പുലർച്ചെ മോഷണം പോയത്. ഈ ഫോണിലെ ഗൂഗിൾ പേ ഉപയോഗിച്ച് ഈശ്വരിയുടെ അക്കൗണ്ടിലെ 12,000 രൂപ നസിറുൾ പിൻവലിച്ചിരുന്നു.
റെയിൽവേ പൊലീസ് പ്രിൻസിപ്പൽ എസ്.ഐ നിസാറുദ്ദീന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. മോഷ്ടിച്ച ഫോണുമായി ആലുവ സ്റ്റേഷനിലിറങ്ങിയ പ്രതി പണം പിൻവലിച്ച ശേഷം ഫോൺ കൂട്ടുകാരന് കൈമാറിയിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് നസിറുൾ കുടുങ്ങിയത്. തൃശൂരിൽ നിന്ന് ട്രെയിനിൽ കയറിയ ഇയാൾ ഈശ്വരിയമ്മയും പേരക്കുട്ടികളും ഉറങ്ങിക്കിടന്ന തക്കത്തിന് ഫോൺ കവരുകയായിരുന്നു. പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.