
മട്ടാഞ്ചേരി, വെല്ലിംഗ്ടൺ ഐലൻഡ് വാട്ടർ മെട്രോ ടെർമിനലുകൾ ഉദ്ഘാടനം ചെയ്തു
കൊച്ചി: മട്ടാഞ്ചേരിയിലേക്ക് വാട്ടർ മെട്രോ എത്തുന്നതോടെ പശ്ചിമ കൊച്ചിയുടെ മുഖച്ഛായ തന്നെ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മട്ടാഞ്ചേരി, വെല്ലിംഗ്ടൺ ഐലൻഡ് വാട്ടർ മെട്രോ ടെർമിനലുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി നഗരത്തിനും പശ്ചിമ കൊച്ചിയിലെ പ്രദേശങ്ങൾക്കും ഇടയിലുള്ള ഗതാഗതം കൂടുതൽ സുഗമമാക്കാൻ വാട്ടർമെട്രോ ഉപകരിക്കുമെന്നും നഗരത്തിനു ചുറ്റുമുള്ള ദ്വീപ് നിവാസികൾക്കും ഇവിടേക്ക് വരുന്ന വിനോദ സഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സംവിധാനമാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മട്ടാഞ്ചേരി വാട്ടർ മെട്രോ സ്റ്റേഷനിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായി. പൂർണമായും വെള്ളത്തിൽ നിർമ്മിച്ച മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനൽ നിർമ്മാണം വളരെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോകനാഥ് ബെഹ്‌റ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ്, എം.എൽ.എമാരായ കെ.ജെ മാക്‌സി, ടി.ജെ. വിനോദ്, മേയർ അഡ്വ.എം. അനിൽകുമാർ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, കൗൺസിലർ ടി. .പത്മകുമാരി, കൊച്ചി മെട്രോ ഡയറക്ടർ (പ്രോജക്ട്) ഡോ.എം.പി രാം നവാസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.