പെരുമ്പാവൂർ: ഒക്കൽ പഞ്ചായത്തിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് കാരണം അഭിമാന പദ്ധതികൾ അവതാളത്തിൽ. 13-ാം വാർഡിൽ റവന്യൂ പുറമ്പോക്കിൽ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുന്നതിലും യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രമായ 'ടേക്ക് എ ബ്രേക്ക്' സ്ഥാപിക്കുന്നത് സംബന്ധിച്ചും ഭരണസമിതിയിലെ യു.ഡി.എഫ് അംഗങ്ങൾ തമ്മിൽ പോരാണ്.

എൽ.ഡി.എഫ് സർക്കാർ സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായിട്ടാണ് എം.സി. റോഡിൽ വല്ലം ജംഗ്ഷന് സമീപം 10 സെന്റ് സ്ഥലം ടേക്ക് എ ബ്രേക്ക് സ്ഥാപിക്കുന്നതിനും 16 സെന്റ് സ്ഥലം എം.സി.എഫ് (മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി) സ്ഥാപിക്കുന്നതിനും പുറമ്പോക്ക് സ്ഥലം ജില്ലാ കളക്ടർ ഒരു വർഷം മുമ്പ് പഞ്ചായത്തിന് നൽകിയത്. എന്നാൽ യു.ഡി.എഫ് ഭരണസമിതിയിലെ ചേരിപ്പോരുമൂലം പദ്ധതി നീണ്ടു.

പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങാത്തപക്ഷം ഭൂമി സർക്കാരിലേക്ക് തിരികെ പോവുകയും ടേക്ക് എ ബ്രേക്ക്, എം.സി.എഫ്, വ്യാപാര സമുച്ചയം മുതലായ പദ്ധതികളൊന്നും നടപ്പാക്കാനാവില്ല.

 അടിയന്തര ചർച്ചയിലും ഏറ്റുമുട്ടൽ

കഴിഞ്ഞ ദിവസം പദ്ധതി അടിയന്തരമായി നടപ്പാക്കുന്നതിന് കൂടിയ കമ്മിറ്റിയിൽ വിഷയം ചർച്ചയ്‌ക്കെടുത്തപ്പോഴാണ് കോൺഗ്രസ് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. 16 അംഗ പഞ്ചായത്തിൽ 12 കോൺഗ്രസ് അംഗങ്ങളും നാല് എൽ.ഡി.എഫ്. അംഗങ്ങളുമാണുള്ളത്. എൽ.ഡി.എഫിലെ വാർഡ് മെമ്പർ പദ്ധതിക്ക് പൂർണ പിന്തുണ നൽകിയിരുന്നു. ഭരണപക്ഷത്തെ എ, ഐ ഗ്രൂപ്പുകളും വിമതരും തമ്മിലുള്ള വടംവലിയാണ് ഭരണപ്രതിസന്ധിക്ക് മുഖ്യ കാരണം.

ഭരണകക്ഷിയുടെ മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ മുൻ പ്രസിഡന്റ്, ഇപ്പോഴത്തെ പ്രസിഡന്റിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും അസഭ്യം പറഞ്ഞതായും പരാതി ഉയർന്നിട്ടുണ്ട്. ഇതിനെത്തുടർന്ന് യോഗം പിരിച്ചുവിട്ട് പ്രസിഡന്റ് ഇറങ്ങിപ്പോയി.

എൽ.ഡി.എഫ് പ്രതിഷേധം

സംസ്ഥാന സർക്കാരിന്റെ രണ്ടു പദ്ധതികളും ഉടൻ നടപ്പാക്കണമെന്നും ഭരണമുന്നണിയിലെ തർക്കം മൂലം വികസന പ്രവർത്തനങ്ങൾ നടക്കാത്തതതിലും പദ്ധതികൾ പലതും അവതാളത്തിലായതിലും പ്രതിഷേധിച്ച് എൽ.ഡി.എഫ് ഒക്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ പ്രതിഷേധ പ്രകടനം നടത്തി.