1

മട്ടാഞ്ചേരി: വാട്ടർ മെട്രോ ടെർമിനൽ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പശ്ചിമകൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. തോപ്പുംപടി ചുള്ളിക്കലിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സനൽ ഈസയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി ദേഹത്ത് കരി ഓയിൽ ഒഴിച്ച് വ്യത്യസ്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. മുഖ്യമന്ത്രി മട്ടാഞ്ചേരിയിൽ തോപ്പുംപടി വഴി എത്തുമെന്ന് കരുതിയാണ് പ്രവർത്തകർ ചുള്ളിക്കലിൽ പ്രതിഷേധം സംഘടിപ്പിച്ചത്. പിന്നീട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുന്നതിനിടെസംഘർഷവുമുണ്ടായി. സനൽ ഈസ, ടി.എം റിഫാസ്, ഷമീർ വളവത്ത്, ആർ.ബഷീർ, അഷ്‌ക്കർ ബാബു എന്നിവരെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു.

മുഖ്യമന്ത്രി വൈപ്പിൻ റോ റോ വഴി എത്തുമെന്നറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ ഫോർട്ട്‌കൊച്ചി കമാലക്കടവിലും കരിങ്കൊടി പ്രതിഷേധം നടത്തി. മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടുമുമ്പ് തന്നെ പൊലീസ് കെ.പി.സി.സി.സെക്രട്ടറി തമ്പി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിൽ എത്തിയ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. എൻ.ആർ ശ്രീകുമാർ, പി.പി ജേക്കബ്, സുമീത് ജോസഫ് എന്നിവർ നേതൃത്വം നൽകി.